ഹിമാചൽ: കൂറുമാറി വോട്ട് ചെയ്ത 6 എംഎൽഎമാരെ അയോഗ്യരാക്കി
Mail This Article
ന്യൂഡൽഹി ∙ രണ്ടു നാൾ നീണ്ട ഹിമാചലിലെ രാഷ്ട്രീയ പ്രതിസന്ധിക്കു താൽക്കാലിക വിരാമം. പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് അവിടേക്ക് നിയോഗിച്ച കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പറഞ്ഞു. തുടർ ചർച്ചകൾക്കും സർക്കാരിന്റെ സുഗമമായ പ്രവർത്തനത്തിനുമായി ആറംഗ സമിതിയെ ഹൈക്കമാൻഡ് നിയോഗിച്ചു. മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു, ഉപമുഖ്യമന്ത്രി മുകേഷ് അഗ്നിഹോത്രി, പിസിസി പ്രസിഡന്റ് പ്രതിഭ സിങ് തുടങ്ങിയവർ അടങ്ങിയതാണു സമിതി.
എംഎൽഎമാർക്കു പറയാനുള്ളത് േകട്ട് പരാതികൾ പരിഹരിച്ചിരുന്നെങ്കിൽ പ്രതിസന്ധി ഉണ്ടാകില്ലായിരുന്നുവെന്ന് പാർട്ടിയിൽ സുഖുവിന്റെ എതിർചേരിയിലുള്ള പ്രതിഭ സിങ് പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് കോൺഗ്രസിനു കഠിനമായിരിക്കുമെന്ന മുന്നറിയിപ്പും അവർ നൽകി.
പ്രശ്നപരിഹാരത്തിനു കോൺഗ്രസ് നടത്തിയ നീക്കം:
∙ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു വോട്ട് ചെയ്ത 6 കോൺഗ്രസ് എംഎൽഎമാരെ നിയമസഭാ സ്പീക്കർ ഇന്നലെ അയോഗ്യരാക്കി. രാജ്യസഭാ തിരഞ്ഞെടുപ്പിൽ വിപ്പ് ബാധകമല്ലെന്ന് എംഎൽഎമാർ വാദിച്ചു. തിരഞ്ഞെടുപ്പിലെ വിപ്പ് ലംഘിച്ചതിലല്ല, മറിച്ച് ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കണമെന്ന വിപ്പ് ലംഘിച്ചതിന്റെ പേരിലാണു നടപടിയെന്നു കോൺഗ്രസ് ചൂണ്ടിക്കാട്ടി. ഇതിനെതിരെ എംഎൽഎമാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതി വിധി പറയും വരെ ലഭിക്കുന്ന സമയത്തിനുള്ളിൽ പാർട്ടിയിലെ പ്രശ്നങ്ങളെല്ലാം പരിഹരിക്കാമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു.
∙ 6 പേരെ അയോഗ്യരാക്കിയതോടെ നിയമസഭയുടെ അംഗബലം 62 ആയി കുറഞ്ഞു. കേവല ഭൂരിപക്ഷത്തിനുള്ള അംഗബലം 31 ആയി. 34 എംഎൽഎമാരുള്ള കോൺഗ്രസ് ഭരണമുറപ്പിച്ചു. പാർട്ടിക്കെതിരെ നീങ്ങിയാൽ അയോഗ്യരാക്കുമെന്ന സന്ദേശവും മറ്റ് എംഎൽഎമാർക്കു നൽകി.
∙ പാർട്ടിയിൽ തന്റെ എതിരാളികളായ പിസിസി പ്രസിഡന്റ് പ്രതിഭ സിങ്, മന്ത്രി വിക്രമാദിത്യ സിങ് എന്നിവരുമായി മുഖ്യമന്ത്രി സുഖു അനുരഞ്ജന ചർച്ച നടത്തി.
∙ എംഎൽഎമാരുമായി ഡി.കെ.ശിവകുമാർ ഒറ്റയ്ക്കൊറ്റയ്ക്കു കൂടിക്കാഴ്ച നടത്തി. എല്ലാവർക്കും പറയാനുള്ളതു കേട്ടു. പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകി.
∙ എംഎൽഎമാർക്കായി സുഖു വിരുന്നൊരുക്കി.