ADVERTISEMENT

ന്യൂഡൽഹി ∙ പാർട്ടി തന്ത്രജ്ഞൻ ഡി.കെ.ശിവകുമാറിനെയടക്കം മുന്നിൽ നിർത്തിയും അണിയറനീക്കങ്ങൾക്കു പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കിയും ഹിമാചൽ സർക്കാരിനെ രക്ഷിക്കാൻ കോൺഗ്രസിന്റെ തീവ്രശ്രമം. രാജ്യസഭാ തിരഞ്ഞെടുപ്പിലെ അട്ടിമറിയുടെ തുടർച്ചയായി അവിശ്വാസപ്രമേയ നോട്ടിസുമായെത്തിയ പ്രതിപക്ഷനേതാവ് ജയറാം ഠാക്കൂർ അടക്കം 15 ബിജെപി എംഎൽഎമാരെ സസ്പെൻഡ് ചെയ്തശേഷം സർക്കാർ ബജറ്റ് പാസാക്കി. സഭയിൽ ബഹളമുണ്ടാക്കിയെന്ന പേരിലായിരുന്നു സസ്പെൻഷൻ.

മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു രാജിവയ്ക്കുമെന്നു രാവിലെ അഭ്യൂഹം പരന്നെങ്കിലും അദ്ദേഹം അതു നിഷേധിച്ചു. അതിനിടെ, സുഖുവുമായുള്ള ഭിന്നത മൂലം മന്ത്രി വിക്രമാദിത്യ സിങ് രാജി പ്രഖ്യാപിച്ചെങ്കിലും അനുനയ ചർച്ചകൾക്കൊടുവിൽ തീരുമാനം പിൻവലിച്ചു. തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാരെ സുഖു അപമാനിക്കുകയാണെന്ന് ആരോപിച്ച വിക്രമാദിത്യയുമായി പ്രിയങ്ക ചർച്ച നടത്തി.

ഒത്തുതീർപ്പെന്ന നിലയിൽ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം അദ്ദേഹത്തിനോ അമ്മ പ്രതിഭ സിങ്ങിനോ മുഖ്യമന്ത്രി സ്ഥാനം നൽകാനും നീക്കമുണ്ട്. അന്തരിച്ച മുൻ മുഖ്യമന്ത്രി വീർഭദ്ര സിങ്ങിന്റെ മകനാണു വിക്രമാദിത്യ.

രാജ്യസഭാ തിര‍ഞ്ഞെടുപ്പിൽ ബിജെപിക്കു വോട്ട് ചെയ്ത ശേഷം ഹരിയാനയിലേക്കു പോയ 6 കോൺഗ്രസ് എംഎൽഎമാർ മടങ്ങിയെത്തി. തങ്ങളുടെ ഭാഗം വിശദീകരിക്കാൻ സ്പീക്കറോട് ഇവർ 7 ദിവസം സമയം തേടി.

3 സ്വതന്ത്രരും ബിജെപിയെ പിന്തുണച്ചതോടെ 34–34 എന്നതായിരുന്നു രാജ്യസഭാ തിരഞ്ഞെടുപ്പിലെ വോട്ടുനില. നറുക്കെടുപ്പിലൂടെ ബിജെപി ജയിക്കുകയും ചെയ്തു. ഭൂരിപക്ഷം നഷ്ടമായ സർക്കാരിന് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നു വാദിച്ച് ബിജെപി സംഘം ഗവർണറെ കണ്ടു.

പ്രതിസന്ധി തീർക്കാൻ ഷിംലയിലെത്തിയ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ, ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ എന്നിവർ എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തി.

English Summary:

Himachal Pradesh political crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com