‘ഡിഎംകെക്ക് പ്രധാനം കുടുംബത്തിന്റെ താൽപര്യങ്ങൾ’: 17,300 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് മോദി
Mail This Article
ചെന്നൈ ∙വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യവെ, വേദിയിലുണ്ടായിരുന്ന തൂത്തുക്കുടി എംപി കനിമൊഴി, മന്ത്രി ഇ.വി.വേലു എന്നിവരുടെ പേര് ഒഴിവാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഡിഎംകെ, കോൺഗ്രസ് കക്ഷികളെ രാഷ്ട്രീയ ചരിത്രത്തിൽനിന്നു നീക്കംചെയ്യണമെന്ന് ആഹ്വാനം ചെയ്തു. ഗവർണർ, കേന്ദ്രമന്ത്രിമാർ എന്നിവരെ പേരെടുത്ത് അഭിസംബോധന ചെയ്ത ശേഷമായിരുന്നു എംപിയെയും മന്ത്രിയെയും അവഗണിച്ചത്. ഡിഎംകെക്ക് രാജ്യത്തിന്റെ വികസനത്തെക്കാൾ കുടുംബത്തിന്റെ താൽപര്യങ്ങളാണു പ്രധാനമെന്ന് ആരോപിച്ച മോദി, സ്വന്തം പിൻഗാമികൾക്ക് വേണ്ടിയാണ് അവർ പ്രവർത്തിക്കുന്നതെന്നും പറഞ്ഞു.
വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ എൻഡിഎ സർക്കാർ രക്ഷിച്ചെന്നും ഒരു പൗരനെപ്പോലും കോൺഗ്രസ് സർക്കാരുകൾ രക്ഷിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. യുവാക്കളുടെ സ്വപ്നങ്ങളെയും അഭിലാഷങ്ങളെയും തകർത്തവരെ അവസാനിപ്പിക്കുമെന്നു വാഗ്ദാനം ചെയ്യുകയാണെന്നും മോദിയുടെ ഉറപ്പാണെന്നും പറഞ്ഞു. അതിനിടെ, പ്രധാനമന്ത്രി പേര് ഒഴിവാക്കിയതിൽ പരാതിയില്ലെന്നും ബിജെപി അവരുടെ സംസ്കാരം ഇത്തരത്തിലാണു പ്രകടിപ്പിക്കുകയെന്നും കനിമൊഴി പ്രതികരിച്ചു.
17,300 കോടിയുടെ വികസന പദ്ധതികൾക്ക് പച്ചക്കൊടി
ചെന്നൈ ∙തൂത്തുക്കുടി തുറമുഖത്ത് അടക്കം തമിഴ്നാട്ടിൽ പൂർത്തിയാക്കിയ 17,300 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നടത്തിയ പ്രധാനമന്ത്രി പുതിയ പദ്ധതികളുടെ തറക്കല്ലിടലും നിർവഹിച്ചു. തൂത്തുക്കുടി വിഒസി തുറമുഖത്തു കണ്ടെയ്നർ ടെർമിനൽ, കടൽവെള്ള ശുദ്ധീകരണ പദ്ധതി, ഹൈഡ്രജൻ ഇന്ധനം തയാറാക്കുന്ന പദ്ധതി എന്നിവയ്ക്കാണു തറക്കല്ലിട്ടത്. ദക്ഷിണ റെയിൽവേ തമിഴ്നാട്ടിൽ 1477 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ പാതയിരട്ടിപ്പിക്കൽ പദ്ധതികൾ, നിർമാണം പൂർത്തിയാക്കിയ 4 പ്രധാന പാതകളുടെ സമർപ്പണം എന്നിവയും നിർവഹിച്ചു. തൂത്തുക്കുടിയിൽ നിന്ന് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രി വിമാനത്തിൽ ഡൽഹിക്കു മടങ്ങി.