‘പാർട്ടി വിടുന്നവരെ ജനം വിധിക്കട്ടെ’: കോൺഗ്രസ് പ്രവർത്തക സമിതിയംഗം സച്ചിൻ പൈലറ്റ്
Mail This Article
?തനിച്ച് 370 സീറ്റ് കിട്ടുമെന്ന് ഒരുവശത്ത് അവകാശപ്പെടുമ്പോഴും പ്രതിപക്ഷ നേതാക്കളെ പാളയത്തിലെത്തിക്കുന്നതിലാണല്ലോ ബിജെപിയുടെ ശ്രദ്ധ. ഇന്ത്യ മുന്നണിയെ അവർ ഭയപ്പെടുന്നതായി തോന്നുന്നുണ്ടോ
പ്രചാരവേലയുടെ ഭാഗമായി 300, 400, 500 സീറ്റ് എന്നിങ്ങനെ മുദ്രാവാക്യം വിളിച്ചതുകൊണ്ടായില്ല. കഴിഞ്ഞ 10 വർഷം സാധാരണ പൗരന്റെ ജീവിതനിലവാരത്തിൽ എന്തു മാറ്റമുണ്ടാക്കി എന്നതാണ് ഈ തിരഞ്ഞെടുപ്പിൽ ബിജെപിക്കു നേരെ ഇന്ത്യ മുന്നണിയുടെ ചോദ്യം. ദാരിദ്ര്യം, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയെല്ലാം ജനം ചർച്ച ചെയ്യുന്നു. വൈകിയ വേളയിലെങ്കിലും ബിജെപിക്ക് അതു മനസ്സിലായി. അതുകൊണ്ട് ഇന്ത്യ മുന്നണിക്കെതിരെ പെട്ടെന്ന് എൻഡിഎ മുന്നണി തട്ടിക്കൂട്ടുകയായിരുന്നു. ഇന്ത്യ മുന്നണിക്ക് രാജ്യത്ത് 63% വോട്ട് വിഹിതമുള്ളതിന്റെ ഭയവും ബിജെപിക്കുണ്ട്. അവരുടെ തന്നെ പ്രചാരണങ്ങളിൽ അവർക്ക് ആത്മവിശ്വാസമില്ലാത്തതുകൊണ്ടാണ് പ്രതിപക്ഷ പാർട്ടികളിൽനിന്നു നേതാക്കളെ ചാക്കിട്ടു പിടിക്കുന്നത്.
?ചാക്കിൽ കയറാൻ പ്രതിപക്ഷത്തെ നേതാക്കൾ തയാറാവുന്നുണ്ടല്ലോ. ആരെയും തടയുന്നുമില്ല
കേന്ദ്ര ഏജൻസികൾ കേസിൽ കുടുക്കുന്നതിന്റെ സമ്മർദം ചില നേതാക്കൾക്കുണ്ടാകാം. കോൺഗ്രസിന്റെ ഭാഗമായി ദീർഘകാലം പദവികളിൽ ഇരുന്നവരും പോയിട്ടുണ്ട്. അതൊന്നും ബിജെപിയുടെ പ്രത്യയശാസ്ത്രം സ്വീകരിച്ചല്ല, വ്യക്തിപരമായ നേട്ടങ്ങൾക്കു വേണ്ടിയാണ്. പാർട്ടി വിടാൻ എന്തെങ്കിലും കാരണം പറയണമല്ലോ എന്നു കരുതി കോൺഗ്രസിനെതിരെ പറയുമെന്നു മാത്രം. അവരുടെ തീരുമാനം ശരിയായിരുന്നോ എന്നു വോട്ടർമാർ തെളിയിക്കും. ഉറച്ച ബോധ്യവും നിലപാടും പ്രത്യയശാസ്ത്രവുമുള്ള നേതാക്കൾ എന്തു പ്രലോഭനം വന്നാലും കോൺഗ്രസിൽ തന്നെ ഉറച്ചുനിൽക്കും.
?രാഹുൽ ബ്രിഗേഡിന്റെ ഭാഗമായി നിന്നവരിൽ ഇനി താങ്കളടക്കം ചുരുക്കം പേരല്ലേ പാർട്ടിയുടെ നേതൃനിരയിൽ അവശേഷിക്കുന്നത്
പാർട്ടി വിട്ടവരിൽ എല്ലാ തലമുറയിലെയും ആളുകളുണ്ട്. വർഷങ്ങളായി മുഖ്യമന്ത്രിമാരായിരുന്നവർ. ഗുലാം നബി ആസാദും അശോക് ചവാനുമൊന്നും രാഹുൽ ബ്രിഗേഡ് അല്ലല്ലോ.
?തുടർച്ചയായി രണ്ടു ടേം ഭരണത്തിലിരുന്നു കരുത്തുനേടിയ ബിജെപിയെ തളയ്ക്കാൻ, പല കാര്യങ്ങളിലും ഭിന്നിച്ചു നിൽക്കുന്ന ഇന്ത്യ മുന്നണിക്കു കഴിയുമോ
ബിജെപി വിരുദ്ധത മാത്രമല്ല ഇന്ത്യ മുന്നണിയുടെ പൊതുമിനിമം പരിപാടി. ഭരണഘടനയുടെയും ഭരണഘടനാ സ്ഥാപനങ്ങളുടെയും സംരക്ഷണം, 2019ൽ സംഭവിച്ചത് ഇനി ഉണ്ടാകരുതെന്ന നിർബന്ധം എന്നിവയെല്ലാം ഞങ്ങളെ ഒന്നിപ്പിക്കുന്ന ഘടകമാണ്. നിതീഷ് കുമാറിനെപ്പോലെയുള്ള ഭാഗ്യാന്വേഷികൾ ഇനി ഇന്ത്യ മുന്നണിയിൽ അവശേഷിക്കുന്നില്ല. 10 വർഷം തുടർച്ചയായി ഭരണത്തിൽ ഇരുന്നിട്ടും ബിജെപിക്ക് എംഎൽഎയോ, എംപിയോ ഇല്ലാത്ത സംസ്ഥാനങ്ങളുണ്ട് .
?അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ബിജെപി തിരഞ്ഞെടുപ്പു വിഷയമാക്കുമ്പോൾ കോൺഗ്രസ് എങ്ങനെ പ്രതിരോധിക്കും
രാമക്ഷേത്രം യാഥാർഥ്യമായതു സുപ്രീംകോടതിയുടെ വിധി വന്നതുകൊണ്ടാണ്. മതം എന്നതു വ്യക്തിപരമാണ്. മതകാര്യങ്ങളിൽനിന്നു വിട്ടുനിൽക്കേണ്ട സർക്കാർ പ്രാണപ്രതിഷ്ഠയെ രാഷ്ട്രീയവൽക്കരിച്ചതാണു പ്രശ്നം. ഹിന്ദുവെന്നതിൽ അഭിമാനിക്കുന്നയാളാണു ഞാൻ. എന്നാൽ എന്റെ മതം ഒരിക്കലും എന്റെ പൊതുജീവിതത്തിലോ രാഷ്ട്രീയത്തിലോ ഞാൻ കൊണ്ടുവരുന്നില്ല. രാജ്യത്തു നല്ല ജീവിതനിലവാരവും കുട്ടികൾക്കു സുരക്ഷിത ഭാവിയുമാണു വേണ്ടതെന്നു കരുതുന്ന ജനങ്ങളിൽ ഞങ്ങൾക്കു വിശ്വാസമുണ്ട്.
?കേരളത്തിൽ കഴിഞ്ഞതവണ യുഡിഎഫിനു വലിയ വിജയം നൽകിയത് രാഹുൽ ഫാക്ടർ കൂടിയാണ്. ഇത്തവണ അതുണ്ടെന്നു കരുതാനാകുമോ
രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർഥിയാണെന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞിട്ടില്ല. ഗാന്ധി കുടുംബം കഴിഞ്ഞ 30 വർഷത്തിലേറെയായി ഒരു മന്ത്രിസ്ഥാനം പോലും വഹിച്ചിട്ടില്ല. അധികാരപദവിക്കു വേണ്ടി ശ്രമിക്കുന്നവരല്ല അവർ. രാഹുൽ ഫാക്ടർ ഇത്തവണയും കേരളത്തിലുണ്ടാകും. വയനാട്ടിൽ രാഹുൽ വീണ്ടും മത്സരിക്കുമെന്നു വിശ്വസിക്കാൻ എനിക്കു കാരണങ്ങളുണ്ട്.
?കേരളത്തിലെത്തിയത് കെപിസിസിയുടെ സമരാഗ്നി ജാഥയുടെ ഭാഗമായി ഇടതുപക്ഷത്തിനെതിരെ കൂടി പ്രസംഗിക്കാനാണ്. അവർ ഇന്ത്യ മുന്നണിയുടെ ഭാഗമാണ്. ഇതിൽ വൈരുധ്യമില്ലേ
ഞാൻ വന്നതു കോൺഗ്രസിനു വേണ്ടി സംസാരിക്കാനാണ്. കെപിസിസിയുടെ യാത്രയിൽ കേരളത്തിലെ സർക്കാരിന്റെ അഴിമതിയും ദുഷിപ്പും ചർച്ച ചെയ്തിട്ടുണ്ട്.