കോൺഗ്രസ് പട്ടിക: ചർച്ച നാളെ മുതൽ ഡൽഹിയിൽ
Mail This Article
തിരുവനന്തപുരം/ന്യൂഡൽഹി ∙ കോൺഗ്രസ് സ്ഥാനാർഥി ചർച്ചകൾ ഡൽഹിയിലേക്ക്. നാളെ മുതൽ വിവിധ സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളെ തീരുമാനിക്കാനായി കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി യോഗം ചേർന്നേക്കും. കേരളത്തിന്റെ പട്ടിക എന്നെടുക്കുമെന്ന അറിയിപ്പ് ലഭിച്ചിട്ടില്ല. നാളെത്തന്നെ ഉണ്ടാകുമെന്ന പ്രതീക്ഷ കേരള നേതാക്കൾക്കുണ്ട്. എങ്കിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ഇന്നു ഡൽഹിക്കു തിരിക്കും.
വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കാനിടയില്ല എന്ന പ്രചാരണം നടക്കുന്നുണ്ടെങ്കിലും ഔദ്യോഗികവിവരം കെപിസിസിക്ക് ലഭിച്ചിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന്റെ പൂർണ സേവനം കോൺഗ്രസ് വിനിയോഗിക്കുക 2 സംസ്ഥാനങ്ങളിൽ മാത്രം – കർണാടക, തെലങ്കാന. ഈ സംസ്ഥാനങ്ങളിലെ 45 സീറ്റിൽ നാലെണ്ണം മാത്രമാണു കഴിഞ്ഞ തവണ കോൺഗ്രസ് നേടിയത്. ഇത്തവണ 20–25 സീറ്റ് നേടുകയാണ് ലക്ഷ്യം.
ഈ സംസ്ഥാനങ്ങളിൽ സ്ഥാനാർഥി നിർണയത്തിലടക്കം അദ്ദേഹം ഇടപെടും. കേരളമുൾപ്പെടെ മറ്റിടങ്ങളിൽ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കനുഗോലു സർവേ നടത്തുകയോ റിപ്പോർട്ട് തയാറാക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പോരാട്ടത്തിന്റെ പൂർണ ചുമതല കനുഗോലുവിനെ ഏൽപിക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും രാജ്യത്തുടനീളം ശ്രദ്ധകേന്ദ്രീകരിക്കാനുള്ള ആൾബലമോ സംവിധാനങ്ങളോ തനിക്കില്ലെന്ന് അദ്ദേഹം പാർട്ടിയെ അറിയിച്ചു. ഈ വർഷം നടക്കുന്ന മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പൂർണ ചുമതലയും കനുഗോലുവിനായിരിക്കും.