പട്നയിൽ ഇന്ന് ‘ഇന്ത്യ’ ശക്തിപ്രകടനം
Mail This Article
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കാഹളം മുഴക്കി, പട്നയിൽ ഇന്നു പ്രതിപക്ഷ 'ഇന്ത്യ' മുന്നണിയുടെ ശക്തിപ്രകടനം. ‘ജൻ വിശ്വാസ് മഹാറാലി’യുടെ ഭാഗമായി പ്രതിപക്ഷ നിര ഇന്ന് 11 ന് ഗാന്ധി മൈതാനത്ത് അണിനിരക്കും. ഇന്ത്യ മുന്നണി രൂപീകരിച്ച ശേഷം സംഘടിപ്പിക്കുന്ന ആദ്യ പൊതുസമ്മേളനമാണിത്.
കോൺഗ്രസ്, ആർജെഡി, സിപിഎം, സിപിഐ, സിപിഐ (എംഎൽ) എന്നിവയിലെ പ്രമുഖ നേതാക്കൾ പങ്കെടുക്കും. ഭാരത് ജോഡോ യാത്രയിൽ നിന്ന് ഇടവേളയെടുത്ത് രാഹുൽ ഗാന്ധി എത്തുമെന്നാണു വിവരം. സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനും ക്ഷണമുണ്ട്. അനാരോഗ്യം മൂലം ദീർഘനാളായി സജീവ രാഷ്ട്രീയത്തിൽ നിന്നു വിട്ടുനിൽക്കുകയായിരുന്ന ലാലുപ്രസാദ് യാദവ് ജനങ്ങൾക്കിടയിലേക്കു വീണ്ടുമിറങ്ങുന്നതിനും സമ്മേളനം സാക്ഷിയാവും. ആർജെഡി നേതാവ് തേജസ്വി യാദവ് സംസ്ഥാനത്തുടനീളം നടത്തിയ യാത്രയുടെ സമാപന സമ്മേളനമാണു പ്രതിപക്ഷ നിരയുടെ ഐക്യവേദിയായി മാറുക.