ബെംഗളൂരു സ്ഫോടനക്കേസ് അന്വേഷണം എൻഐഎക്ക്
Mail This Article
ബെംഗളൂരു∙ 10 പേർക്കു പരുക്കേറ്റ ഹോട്ടൽ ബോംബ് സ്ഫോടനക്കേസ് അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്കു (എൻഐഎ) കൈമാറി. ഈ മാസം ഒന്നിന് ബ്രൂക്ക്ഫീൽഡ് രാമേശ്വരം കഫെയിൽ നടന്ന സ്ഫോടനത്തിലെ പ്രതിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. മാസ്കും തൊപ്പിയും ധരിച്ച് സിറ്റി ബസിൽ ഹോട്ടലിൽ എത്തിയയാൾ ഭക്ഷണം കഴിച്ച ശേഷം സഞ്ചി ഉപേക്ഷിച്ചു മടങ്ങി ഒരു മണിക്കൂറിനു ശേഷമാണ് സ്ഫോടനമുണ്ടായത്.
9 മിനിറ്റോളം ഹോട്ടലിൽ ചെലവഴിച്ച പ്രതി സംസ്ഥാനം വിട്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഹോട്ടൽ വ്യാപാര രംഗത്തെ കുടിപ്പക ഉൾപ്പെടെയുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. പരുക്കേറ്റവരിൽ 5 പേർ ഇനിയും ആശുപത്രി വിട്ടിട്ടില്ല. ഇവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതിനിടെ, രാമേശ്വരം കഫേ എട്ടിനു തുറക്കുമെന്ന് ഉടമകൾ അറിയിച്ചു. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിനോടുള്ള ആദര സൂചകമായാണ് അദ്ദേഹത്തിന്റെ ജന്മനാടിന്റെ പേര് ഹോട്ടലിനു നൽകിയതെന്ന് എം.ഡി. ദിവ്യ രാഘവേന്ദ്ര റാവു പറഞ്ഞു.