‘പട്നയിൽ ലാലുവിന്റെ മാസ് എൻട്രി’: ജനവിശ്വാസ് റാലിയിൽ ആവേശം പകർന്ന് ലാലുപ്രസാദ് യാദവ്
Mail This Article
പട്ന ∙ അനാരോഗ്യം മൂലം സജീവരാഷ്ട്രീയത്തിൽനിന്ന് ഏതാനും വർഷമായി വിട്ടുനിൽക്കുന്ന ലാലുപ്രസാദ് യാദവിന്റെ തിരിച്ചുവരവിന് ‘ഇന്ത്യ’ മുന്നണിയുടെ ജനവിശ്വാസ് മഹാറാലി സാക്ഷിയായി. സ്വതസിദ്ധമായ നർമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി നിതീഷ് കുമാറിനെയും അദ്ദേഹം കടന്നാക്രമിച്ചു. പ്രസംഗത്തിലെ ഓരോ വാചകത്തിനും കരഘോഷം മുഴങ്ങി.
‘നിങ്ങൾ ആകാംക്ഷയോടെ കാത്തിരുന്ന ലാലുജീ ഇതാ’ എന്ന സ്വാഗതപ്രസംഗകന്റെ വാക്കുകൾ മൈതാനത്ത് പ്രകമ്പനം തീർത്തു. ബാരിക്കേഡുകൾ തകർത്തു ജനം മുന്നോട്ടുകുതിച്ചു. ‘ലാലുജീ സിന്ദാബാദ്’ എന്ന് തൊണ്ടകീറി വിളിച്ച്, മഴയിൽ കുതിർന്നുനിന്ന ജനക്കൂട്ടത്തോട് അദ്ദേഹം പറഞ്ഞു – ‘സംസ്ഥാനത്തുടനീളം യാത്ര ചെയ്ത എന്റെ മകൻ തേജസ്വി യാദവ് നിങ്ങളോടു പറഞ്ഞില്ലേ, പപ്പയെ കാണാൻ ഗാന്ധിമൈതാനത്തേക്കു വരൂ എന്ന്.
ഇതാ ഞാൻ വന്നു. ഇത് നിങ്ങളുടെ പാർട്ടിയാണ്. ഞാൻ ആഹ്വാനം ചെയ്യുന്നു; നമ്മൾ ഡൽഹി പിടിച്ചെടുക്കും’.
മോദിയുടെ ഗ്യാരന്റി പൂജ്യം
മോദിയുടെ ഗ്യാരന്റിയെന്ന് പ്രധാനമന്ത്രി ആവർത്തിച്ചുപറയുന്നു. ആ ഗ്യാരന്റിയിൽ രാജ്യത്തിനു വിശ്വാസമില്ല. മോദിയുടെ ഗ്യാരന്റി പൂജ്യമാണ്.–സീതാറാം യച്ചൂരി (സിപിഎം)
ഞങ്ങൾ കരുത്തോടെ പൊരുതും
മോദിയെ അധികാരത്തിൽനിന്നു പുറത്താക്കിയേ തീരൂ. അതിനായി ഞങ്ങൾ കരുത്തോടെ പൊരുതും.–ഡി.രാജ (സിപിഐ)