‘ആണവ കാർഗോ’ ഇന്ത്യ തടഞ്ഞ സംഭവത്തിൽ വിശദീകരണവുമായി ചൈന; പാക്കിസ്ഥാനിലും ‘ചർച്ച’
Mail This Article
ന്യൂഡൽഹി ∙ പാക്കിസ്ഥാനിലേക്കു പോവുകയായിരുന്ന ചൈനയുടെ ‘ആണവ കാർഗോ’ ഇന്ത്യ തടഞ്ഞുവെന്ന റിപ്പോർട്ടുകളുടെ ആധികാരികത പരിശോധിക്കുകയാണെന്ന് ഇന്ത്യയിലെ ചൈനീസ് എംബസി വ്യക്തമാക്കി. സംശയം ജനിപ്പിക്കുന്ന റിപ്പോർട്ടുകളും ദുസ്സൂചനകളും ശരിയല്ല. ഉത്തരവാദിത്തമുള്ള രാജ്യമെന്ന നിലയിൽ ആണവ നിർവ്യാപനവുമായി ബന്ധപ്പെട്ട കടമകൾ ചൈന കർശനമായി പാലിക്കുന്നുണ്ടെന്നും പറഞ്ഞു.
Read Also: പി.സി.ജോർജിനോട് ബിജെപി കേന്ദ്ര നേതൃത്വത്തിന് അമർഷം; അനുനയിപ്പിക്കാൻ അനിൽ നേരിട്ടെത്തും
പാക്ക് ആണവ പദ്ധതിക്കുള്ള ഉപകരണങ്ങളെന്നു സംശയിക്കുന്ന 22,180 കിലോഗ്രാം ചരക്കുമായി ചൈനയിൽനിന്നു കറാച്ചിയിലേക്കു പുറപ്പെട്ട കപ്പൽ മുംബൈയിലെ നാവസേവ തുറമുഖത്തു ജനുവരി 23 മുതൽ തടഞ്ഞിട്ടിരിക്കുകയാണ്. ഇക്കാര്യത്തിലാണു ചൈനയുടെ വിശദീകരണം.
വ്യാവസായിക ആവശ്യത്തിനുള്ള ഉപകരണമെന്ന വ്യാജേന ആണവ മിസൈലിനുള്ള ഉപകരണങ്ങൾ ഒരു ചൈനീസ് കപ്പലിൽനിന്നു 2020 ലും പിടിച്ചെടുത്തിട്ടുള്ളതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇവ സൈനിക ഉപകരണങ്ങളായിരുന്നില്ലെന്നു പിന്നീടു വ്യക്തമായെന്ന് എംബസിയുടെ വക്താവ് ചൂണ്ടിക്കാട്ടി.
അതിനിടെ കപ്പൽ തടഞ്ഞിട്ട കാര്യം പാക്കിസ്ഥാനിലും ചർച്ചയായിട്ടുണ്ട്. കപ്പലിലുള്ളത് കറാച്ചിയിലെ ഓട്ടമൊബീൽ വ്യവസായ സ്ഥാപനത്തിനുള്ള സാധനങ്ങളാണെന്നാണ് പാക്കിസ്ഥാൻ വ്യക്തമാക്കുന്നത്. ബാങ്കുകൾ വഴി സുതാര്യമായ ഇടപാടാണ് നടന്നതെന്നും വിശദീകരിക്കുന്നു.
എന്നാൽ, ചൈനയിലെ ഷെകോയു തുറമുഖത്തുനിന്നു കയറ്റിയ സാധനങ്ങൾ പാക്കിസ്ഥാനിലെ വിങ്സ് എന്ന കമ്പനിക്കു വേണ്ടിയുള്ളതാണെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും അതു ശരിയല്ലെന്ന് കൂടുതൽ അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് ഇന്ത്യ കപ്പൽ തടഞ്ഞത്. ആണവ സാങ്കേതികവിദ്യയും നിർമാണ സാധനങ്ങളും പാക്കിസ്ഥാൻ കരിഞ്ചന്തയിൽ വിൽക്കുന്നതായാണ് ഇന്ത്യ ആരോപിക്കുന്നത്. ഉത്തര കൊറിയ, ലിബിയ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾക്കാണ് ഇങ്ങനെ കൈമാറുന്നത്.