രണ്ടാംഘട്ട പട്ടിക: ബിജെപി ആലോചനകൾ സജീവം
Mail This Article
ന്യൂഡൽഹി ∙ ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർഥിപ്പട്ടിക ചർച്ച ചെയ്യാൻ കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗം ഈയാഴ്ച അവസാനം ചേർന്നേക്കും. ഇന്നലെ ഉന്നത നേതാക്കളുടെ യോഗം പ്രാഥമിക ചർച്ചകൾ നടത്തിയതായാണു വിവരം.
195 സ്ഥാനാർഥികളുടെ ആദ്യപട്ടിക കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. അതിൽ ബംഗാളിലെ അസൻസോൾ, യുപിയിലെ ബാരാബങ്കി സീറ്റുകളിലെ സ്ഥാനാർഥികൾ അശ്ലീല വിഡിയോകളുമായി ബന്ധപ്പെട്ട വാർത്തകളെത്തുടർന്ന് പിൻവാങ്ങി. സീറ്റു കിട്ടാതിരുന്ന ഡോ. ഹർഷ് വർധനെപ്പോലെയുള്ള പ്രമുഖർ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ എല്ലാ വശങ്ങളും വിലയിരുത്തിയുള്ള ചർച്ചകളുണ്ടാകുമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. പട്ടിക പ്രഖ്യാപിച്ച ശേഷമുള്ള ആശയക്കുഴപ്പം ഒഴിവാക്കാനാണിത്.
ബിഹാർ, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില സീറ്റുകളിലേക്ക് ഈയാഴ്ച സ്ഥാനാർഥികളെ പ്രഖ്യാപിച്ചേക്കും. ബംഗാൾ, ഒഡീഷ, തെലങ്കാന, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലാണു പ്രധാനമന്ത്രി ഈയിടെയായി കൂടുതൽ സന്ദർശനങ്ങൾ നടത്തിയത്. ഉത്തരേന്ത്യയിൽ പരമാവധി സീറ്റുകൾ നേടിക്കഴിഞ്ഞതിനാൽ ഈ സംസ്ഥാനങ്ങളിൽ നിന്നു കിട്ടാവുന്നത്ര സീറ്റുകൾ നേടാനാണു ബിജെപി ശ്രമിക്കുന്നത്. ബിഹാറിൽ ജെഡി(യു)വുമായി സഖ്യത്തിലാണെങ്കിലും നിതീഷ് കുമാറിന്റെ ചാഞ്ചാട്ടം ജനങ്ങളെ അലോസരപ്പെടുത്തിയതായാണ് വിലയിരുത്തൽ. അവിടെ ഉണ്ടായേക്കാവുന്ന കുറവു മറ്റു സംസ്ഥാനങ്ങളിൽ നിന്ന് നികത്തുകയാണ് ലക്ഷ്യം.
∙ ബിജെഡി സഖ്യ നീക്കം
ഒഡീഷയിൽ ബിജു ജനതാദളുമായി ബിജെപി സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹങ്ങളും ശക്തമായി. ഉടൻ പ്രഖ്യാപനമുണ്ടാകുമെന്നാണു പ്രചാരണം. ഇരു പാർട്ടി നേതൃത്വങ്ങളും ഇതു നിഷേധിക്കുന്നുണ്ടെങ്കിലും ഒഡീഷയിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പരിപാടികളിൽ നവീൻ പട്നായിക് സർക്കാരിനെ പ്രശംസിച്ചത് ഇതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.
പ്രതിപക്ഷം ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലൊക്കെ മോദി സംസ്ഥാന ഭരണത്തെ നിശിതമായി വിമർശിച്ചിരുന്നു. ബിജെഡി നേതൃത്വത്തിൽ ചിലർ ഡൽഹിയിൽ ബിജെപി നേതൃത്വവുമായി ചർച്ചകൾ നടത്തിയതായും അറിയുന്നു. ഇതു സ്ഥിരീകരിക്കാൻ ബിജെപി വൃത്തങ്ങൾ തയാറായില്ല.
21 സീറ്റുകളുള്ള ഒഡീഷയിൽ 2019 ൽ ബിജെഡി 12 സീറ്റും ബിജെപി 8 സീറ്റുമാണു നേടിയത്. കോൺഗ്രസിന് ഒരു സീറ്റും. പാർലമെന്റിൽ ബിജെഡിയുടെ പിന്തുണ ബിജെപിക്കായിരുന്നു. ഇതേ സമയം 2036ൽ സംസ്ഥാന പദവിയുടെ 100-ാം വാർഷികം ആഘോഷിക്കുന്ന ഒഡീഷയുടെ താൽപര്യങ്ങൾ സംരക്ഷിക്കാനുതകുന്ന നിലപാടാവും ബിജെഡി ഈ തിരഞ്ഞെടുപ്പിൽ സ്വീകരിക്കുകയെന്ന് പാർട്ടി നേതാക്കൾ ഭുവനേശ്വറിൽ പറഞ്ഞു.