കോടതി വീണ്ടും ഇടപെട്ടു; ഷാജഹാൻ ഷെയ്ഖിനെ സിബിഐക്കു കൈമാറി
Mail This Article
കൊൽക്കത്ത ∙ സന്ദേശ്ഖലിയിൽ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ ഷാജഹാൻ ഷെയ്ഖിനെ പൊലീസ് സിബിഐക്ക് കൈമാറി. കൽക്കട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വീണ്ടും ഉത്തരവിട്ടതിനെത്തുടർന്നാണ് ഇത്.
കേസ് സിബിഐക്കു കൈമാറിയ ഹൈക്കോടതി ചൊവ്വാഴ്ച തന്നെ ഷാജഹാൻ ഷെയ്ഖിനെ സിബിഐക്കു കൈമാറാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേസ് സിബിഐക്കു വിട്ടതിനെതിരെ സംസ്ഥാനസർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നു ചൂണ്ടിക്കാട്ടി ഇയാളെ കൈമാറാൻ സർക്കാർ വിസമ്മതിച്ചു. തുടർന്നാണു വീണ്ടും കോടതി ഉത്തരവിട്ടത്. വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയ ശേഷം വൈകുന്നേരത്തോടെ ഷെയ്ഖിനെ സിബിഐക്കു കൈമാറി.
ഇതിനിടെ, ബംഗാളിൽ പ്രസിഡന്റ് ഭരണം ഏർപ്പെടുത്തണമെന്ന് ദേശീയ വനിതാ കമ്മിഷൻ ശുപാർശ നൽകി. സന്ദേശ്‌ഖാലി പൊലീസ് സ്റ്റേഷനിൽ നിയോഗിക്കപ്പെട്ടിരിക്കുന്ന പൊലീസുകാരെ മാറ്റണമെന്നും പീഡനം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് ഇരയായ സ്ത്രീകളെ സംരക്ഷിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തണമെന്നും സന്ദേശ്‌ഖലി സന്ദർശിച്ച ശേഷം വനിതാ കമ്മിഷൻ അധ്യക്ഷ രേഖാ ശർമ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിനു കൈമാറി.
സന്ദേശ്ഖലി സ്ഥിതി ചെയ്യുന്ന 24 നോർത്ത് പർഗനാസ് ജില്ലയുടെ തലസ്ഥാനമായ ബർസാത്തിലെ റാലിയിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി സമരം നടത്തുന്ന സ്ത്രീകളുമായി കൂടിക്കാഴ്ച നടത്തി. ഇവരെ ബസിൽ ബിജെപി നേതാക്കൾ റാലി സ്ഥലത്ത് എത്തിച്ചു. ഷാജഹാൻ ഷെയ്ഖിൽ നിന്നും അനുയായികളിൽ നിന്നും നിരന്തരം പീഡനം നേരിട്ടതായി സ്ത്രീകൾ പ്രധാനമന്ത്രിയോട് പരാതിപ്പെട്ടു.
തൃണമൂൽ കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയത്തിൽ സ്ത്രീകൾക്കും ദലിതർക്കും ആദിവാസികൾക്കും നീതി ലഭിക്കുന്നില്ലെന്ന് ആരോപിച്ച പ്രധാനമന്ത്രി ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ സന്ദേശ്ഖലി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്നും സ്ത്രീശക്തിക്കു മുൻപിൽ സംസ്ഥാനം ഭരിക്കുന്ന പാർട്ടിക്ക് അടിതെറ്റുമെന്നും പറഞ്ഞു.