വയനാടിനു പുറമേ അമേഠിയിലും മത്സരിക്കാൻ രാഹുൽ; റായ്ബറേലിയിൽ പ്രിയങ്കയ്ക്ക് സാധ്യത
Mail This Article
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാടിനു പുറമേ യുപിയിലെ അമേഠിയിലും രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് അമേഠി ജില്ലാ കോൺഗ്രസ് നേതൃത്വം. സോണിയ ഗാന്ധി ഒഴിഞ്ഞ റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്നും യുപിയിലെ നേതാക്കൾ സൂചിപ്പിച്ചതോടെ ഗാന്ധികുടുംബാംഗങ്ങളുടെ സ്ഥാനാർഥിത്വം സംബന്ധിച്ച അഭ്യൂഹങ്ങൾക്കു ചൂടുപിടിച്ചു. രാഹുൽ അമേഠിയിൽ കൂടി മത്സരിക്കുമെന്നും പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നും ജില്ലാ കോൺഗ്രസ് പ്രസിഡന്റ് പ്രദീപ് സിംഘാൾ പറഞ്ഞു. ദേശീയ നേതൃത്വവുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
Read Also: പദ്മജയുടെ നീക്കം മോദിയുടെ അറിവോടെ, ബിജെപി അംഗത്വം സ്വീകരിക്കും...
അതേസമയം, രാഹുലിന്റെയും പ്രിയങ്കയുടെയും കാര്യത്തിൽ അന്തിമ തീരുമാനമായില്ലെന്ന് ദേശീയ നേതൃത്വം വ്യക്തമാക്കി. ബിജെപിക്കു കരുത്തുള്ള യുപിയിൽ ഇരുനേതാക്കളെയും ഒന്നിച്ചു മത്സരിപ്പിക്കുന്നതു സാഹസമാണെന്ന ചിന്ത നേതൃത്വത്തിനുണ്ട്. യുപിയിൽ ഒരാളെ നിർത്തിയാൽ മതിയെന്ന വാദം ശക്തമാണ്. എവിടെ മത്സരിക്കണമെന്ന് ഇരുവരുമാണു തീരുമാനിക്കേണ്ടതെന്നും ഹൈക്കമാൻഡ് നിബന്ധന വയ്ക്കില്ലെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു. കർണാടക, തെലങ്കാന പിസിസികളും ഇരുവർക്കും സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
അമേഠിയിലും റായ്ബറേലിയിലും ഗാന്ധികുടുംബാംഗങ്ങൾ മത്സരിക്കണമെന്ന് യുപി ഘടകം മുൻപ് ആവശ്യപ്പെട്ടിരുന്നു. ഉത്തരേന്ത്യയിൽ കൂടി രാഹുൽ മത്സരിക്കുന്നത് ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസിന് ഊർജമേകുമെന്നാണു വാദം. സോണിയ ഒഴിഞ്ഞതോടെ റായ്ബറേലിയിൽ പ്രിയങ്കയെക്കാൾ മികച്ച സ്ഥാനാർഥിയില്ലെന്നാണു യുപി ഘടകത്തിന്റെ വിലയിരുത്തൽ. മണ്ഡലത്തിലുടനീളം പ്രിയങ്കയുടെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. അമേഠിയിൽ കഴിഞ്ഞ തവണ രാഹുലിനെ തോൽപിച്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ഇക്കുറിയും ബിജെപി സ്ഥാനാർഥി. അമേഠിയിൽ മത്സരിക്കാൻ രാഹുലിനെ സ്മൃതി വെല്ലുവിളിച്ചിട്ടുണ്ട്.