യുവകർഷകന്റെ മരണം: ജുഡീഷ്യൽ അന്വേഷണത്തിന് കോടതി ഉത്തരവ്
Mail This Article
ന്യൂഡൽഹി ∙ കർഷകരുടെ ‘ദില്ലി ചലോ’ പ്രതിഷേധ മാർച്ചിനിടെ ഹരിയാന–പഞ്ചാബ് അതിർത്തിയായ ഖനൗരിയിൽ യുവകർഷകൻ ശുഭ് കരൺ സിങ് കൊല്ലപ്പെട്ട സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനു പഞ്ചാബ്–ഹരിയാന ഹൈക്കോടതി ഉത്തരവ്. റിട്ട. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ, പഞ്ചാബിലെയും ഹരിയാനയിലെയും എഡിജിപി റാങ്കിലുള്ള 2 ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘം വിഷയം അന്വേഷിക്കുമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് ജി.എസ്.സന്ധാവാലിയ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
പഞ്ചാബ് ഭട്ടിൻഡ സ്വദേശിയായ ശുഭ് കരൺ ഹരിയാന പൊലീസിന്റെ അതിക്രമത്തിൽ 21ന് ആണു കൊല്ലപ്പെട്ടത്. പൊലീസിന്റെ കണ്ണീർവാതക ഷെൽ കൊണ്ടു തലയ്ക്കു പരുക്കേറ്റാണു മരണമെന്നാണു നിഗമനം. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണമാവശ്യപ്പെട്ട് അഭിഭാഷകനായ ഉദയ് പ്രതാപ് സിങ്ങാണു കോടതിയെ സമീപിച്ചത്.
അതിർത്തിയിൽ കർഷകർ യുദ്ധസമാന സാഹചര്യം സൃഷ്ടിച്ചതായി അഭിപ്രായപ്പെട്ട കോടതി പൊലീസ് അതിക്രമം നേരിടാൻ സ്ത്രീകളെയും കുട്ടികളെയും മുൻനിരയിൽ നിർത്തിയെന്നും വിമർശിച്ചു. വിഷയത്തിൽ അന്വേഷണം ആരംഭിക്കാൻ പഞ്ചാബ് സർക്കാർ വൈകിയെന്നും കോടതി വിലയിരുത്തി.