റഷ്യൻ യുദ്ധമേഖലയിലേക്ക് മനുഷ്യക്കടത്ത്; മൂന്നു മലയാളികളടക്കം കേസിൽ 19 പ്രതികൾ
Mail This Article
ന്യൂഡൽഹി ∙ വിദേശത്തു ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ റഷ്യയിലേക്കു കൊണ്ടുപോവുകയും അവിടെ യുക്രെയ്നെതിരെ യുദ്ധം ചെയ്യാൻ നിർബന്ധിക്കുകയും ചെയ്ത കേസിൽ 3 മലയാളികളടക്കം 19 പേർക്കെതിരെ സിബിഐ കേസെടുത്തു. തിരുവനന്തപുരം സ്വദേശികളായ ജോബ് സജിൻ ഡിക്സൺ, റോബോ റോബർട്ട് അരുളപ്പൻ, ടോമി ഡോമിരാജ് തുടങ്ങിയവർക്കെതിരെയാണു കേസ്.
ട്രാവൽ ഏജൻസികളുടെ മറവിൽ ഇവർ മനുഷ്യക്കടത്തു നടത്തിയതായി എഫ്ഐആറിൽ ചൂണ്ടിക്കാട്ടുന്നു. വിവിധ ജോലികൾ വാഗ്ദാനം ചെയ്ത് ഇന്ത്യക്കാരെ റഷ്യയിലെത്തിച്ച ഇവർ, പാസ്പോർട്ടുകൾ തട്ടിയെടുത്തു. തുടർന്നു യുദ്ധമേഖലയിൽ റഷ്യൻ സേനയ്ക്കൊപ്പം ഇവരെ നിയോഗിച്ചു. ഇങ്ങനെ യുദ്ധത്തിനു പോയ 2 ഇന്ത്യക്കാർ കൊല്ലപ്പെടുകയും ഒട്ടേറെ പേർക്കു ഗുരുതര പരുക്കേൽക്കുകയും ചെയ്തതായി സിബിഐ ചൂണ്ടിക്കാട്ടി.
കൊല്ലപ്പെട്ട 2 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാർ നടത്തുകയാണെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അറിയിച്ചു. യുക്രെയ്നിനെതിരെ യുദ്ധം ചെയ്യുന്ന റഷ്യൻ സൈന്യത്തോടൊപ്പം ഇന്ത്യക്കാരുണ്ടെന്നു കേന്ദ്രം സ്ഥിരീകരിച്ചതു രണ്ടാഴ്ച മുൻപാണ്. റഷ്യയിൽ ആർമി സെക്യൂരിറ്റി ഹെൽപർ തസ്തികയിലേക്കു ജോലിക്കു പോയവരെയാണ് യുക്രെയ്നിലെ ഡോണെറ്റ്സ്കിൽ യുദ്ധമുഖത്തു ഡ്യൂട്ടിക്കു നിയോഗിച്ചത്. ഇവരെ തിരിച്ചുനാട്ടിലെത്തിക്കാൻ റഷ്യൻ അധികാരികളോട് ആശയവിനിമയം നടത്തുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ഇന്ത്യയിൽ നിന്നുള്ള നയതന്ത്ര പ്രതിനിധി സംഘം അഫ്ഗാനിസ്ഥാൻ ഭരണകൂടത്തിലെ മുതിർന്ന അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയെന്നും മന്ത്രാലയം വ്യക്തമാക്കി. മുൻ പ്രസിഡന്റ് ഹമീദ് കർസായിയെയും ഇന്ത്യൻ പ്രതിനിധി ജെ.പി.സിങ് സന്ദർശിച്ചു. ഇന്ത്യയുമായുള്ള രാഷ്ട്രീയ–സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നതായി അഫ്ഗാൻ വിദേശകാര്യമന്ത്രി അമിർ ഖാൻ മുത്താഖി പറഞ്ഞു. വീസ നടപടിക്രമത്തിൽ ഇളവും ആവശ്യപ്പെട്ടിട്ടുണ്ട്.