ബംഗാളിൽ ബിജെപി എംപിയും എംഎൽഎയും പാർട്ടിവിട്ടു; രാജിവച്ചത് ജാർഗ്രാം എംപി കുനാർ ഹേംബ്രാം
Mail This Article
കൊൽക്കത്ത ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപായി ബംഗാളിലെ ബിജെപി എംപിയും എംഎൽഎയും രാജിവച്ചു. ജാർഗ്രാം എംപി കുനാർ ഹേംബ്രാം രാജിവച്ചെങ്കിലും മറ്റു പാർട്ടികളിൽ ചേർന്നിട്ടില്ല. നാളെ ജാർഗ്രാമിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുസമ്മേളനം നടക്കാനിരിക്കെയാണു രാജി. ജാർഗ്രാം സ്ഥാനാർഥിയെ ബിജെപി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
റാണാഘട്ട് ദക്ഷിൺ എംഎൽഎ മുകുത് മണി അധികാരി ബിജെപിയിൽനിന്നു രാജിവച്ച് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ബിജെപി വിട്ട് തൃണമൂലിലെത്തിയ എട്ടാമത്തെ എംഎൽഎയാണ് മുകുത് മണി. കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ, അർജുൻ സിങ് തുടങ്ങിയ എംപിമാരും നേരത്തേ ബിജെപി വിട്ടു തൃണമൂലിലെത്തി.
ആലിപുർദ്വാറിൽ തന്നെ വീണ്ടും മത്സരിപ്പിക്കാത്തതിനെതിരെ കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോൺ ബർല രംഗത്തു വന്നത് ബിജെപിക്കു തലവേദനയായി. എംഎൽഎയായ മനോജ് ടിഗ്ഗയെയാണ് ഇവിടെ ബിജെപി സ്ഥാനാർഥി. ബർല ഒഴികെ ബംഗാളിൽ നിന്നുള്ള 3 കേന്ദ്ര മന്ത്രിമാർക്കും സീറ്റുണ്ട്.