കമൽഹാസൻ ‘ഇന്ത്യ’ മുന്നണിയിൽ; മത്സരിക്കില്ല; രാജ്യസഭാ സീറ്റ് മതി
Mail This Article
ചെന്നൈ ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നു പ്രഖ്യാപിച്ച മക്കൾ നീതി മയ്യം (എംഎൻഎം) അധ്യക്ഷൻ കമൽഹാസൻ ദേശീയ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണിയിൽ ചേർന്നു.
2025 ൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കമലിനു നൽകാമെന്ന ഡിഎംെകയുടെ ഉറപ്പിലാണു തീരുമാനം. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഡിഎംകെ സഖ്യത്തിനായി എംഎൻഎം പ്രചാരണത്തിനിറങ്ങും. തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ.സ്റ്റാലിനും കമൽഹാസനും തമ്മിൽ കരാറും ഒപ്പുവച്ചു.
2019 ലെ ലോക്‌സഭാ, 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക് മത്സരിച്ച എംഎൻഎം, ആദ്യമായാണ് ഒരു സഖ്യത്തിലെത്തുന്നത്. ഏറെക്കാലമായി കോൺഗ്രസ്– ഡിഎംകെ പാർട്ടികളോട് അടുപ്പം കാട്ടുന്ന കമൽ, രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ പങ്കാളിയായിരുന്നു.
കമലിന്റെ പിന്മാറ്റത്തോടെ ഡിഎംകെ സഖ്യത്തിൽ കോൺഗ്രസിന് കഴിഞ്ഞ തവണത്തേതു പോലെ പുതുച്ചേരി അടക്കം 10 സീറ്റുകൾ ലഭിച്ചു. മണ്ഡലങ്ങളും സ്ഥാനാർഥികളും പിന്നീടു പ്രഖ്യാപിക്കും. കഴിഞ്ഞ തവണ കോൺഗ്രസ് തോറ്റ തേനി സീറ്റ് ഇത്തവണ ഡിഎംകെ ഏറ്റെടുത്തു പകരം മറ്റൊന്ന് നൽകിയേക്കും. സിപിഐ, സിപിഎം– 2 വീതം, എംഡിഎംകെ–1, വിസികെ– 2, ഐയുഎംഎൽ– 1, കൊങ്കുനാട് മക്കൾ ദേശീയ കക്ഷി (കെഎംഡികെ)– 1 എന്നിങ്ങനെയാണു മറ്റുള്ളവർക്കുള്ള സീറ്റ്. ശേഷിക്കുന്ന 21 ൽ ഡിഎംകെ. കെഎംഡികെയും ഡിഎംെക ചിഹ്നത്തിലാണു മത്സരിക്കുക.