ബ്രിജേന്ദ്ര സിങ് ബിജെപി വിട്ട് കോൺഗ്രസിൽ
Mail This Article
ന്യൂഡൽഹി ∙ ഹരിയാനയിലെ ഹിസാറിൽനിന്നുളള ബിജെപി എംപി ബ്രിജേന്ദ്ര സിങ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. എംപി സ്ഥാനവും രാജിവച്ചു. രാഷ്ട്രീയ കാരണങ്ങളാൽ ബിജെപിയുടെ പ്രാഥമിക അംഗത്വം ഉപേക്ഷിക്കുന്നതായി സമൂഹമാധ്യമമായ ‘എക്സി’ലൂടെ അറിയിച്ച അദ്ദേഹം പിന്നാലെ ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിലെത്തി കോൺഗ്രസ് അംഗത്വം സ്വീകരിക്കുകയായിരുന്നു.
ബ്രിജേന്ദ്ര സിങ്ങിന്റെ പിതാവും ബിജെപി നേതാവും മുൻകേന്ദ്രമന്ത്രിയുമായ ബിരേന്ദർ സിങ്ങും വൈകാതെ കോൺഗ്രസ് അംഗത്വം സ്വീകരിക്കുമെന്നു പാർട്ടി ട്രഷറർ അജയ് മാക്കൻ അറിയിച്ചു. ഐഎഎസിൽനിന്നു രാജിവച്ച് രാഷ്ട്രീയത്തിലെത്തിയ ബ്രിജേന്ദ്ര സിങ് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജെജെപിയുടെ ദുഷ്യന്ത് ചൗട്ടാലയെ പരാജയപ്പെടുത്തിയാണ് എംപിയായത്.
കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു
കോൺഗ്രസിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുകയാണ്. രാജസ്ഥാനിലെ മുൻമന്ത്രിമാരായ രാജേന്ദ്ര യാദവ്, ലാൽ ചന്ദ് കട്ടാരിയ എന്നിവരുൾപ്പെടെയുള്ള നേതാക്കളാണു കോൺഗ്രസ് അംഗത്വം ഉപേക്ഷിച്ചു ബിജെപിയിൽ ചേർന്നത്. മുൻ എംഎൽഎമാരായ റിച്ചാപാൽ മിർധ, വിജയ്പാൽ മിർധ, ഖിലാഡി ഭൈരവ, സേവാദൾ മുൻ സംസ്ഥാന അധ്യക്ഷൻ സുരേഷ് ചൗധരി തുടങ്ങിയവരും പാർട്ടി വിട്ടവരിലുണ്ട്. രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ, സംസ്ഥാന അധ്യക്ഷൻ സി.പി.ജോഷി, കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് എന്നിവരുടെ നേതൃത്വത്തിൽ ഇവരെ സ്വീകരിച്ചു.
തെലങ്കാനയിൽ 4 ബിആർഎസ് നേതാക്കളും ഒരു കോൺഗ്രസ് നേതാവും ബിജെപിയിൽ ചേർന്നു. ബിആർഎസിൽനിന്നു മുൻ എംപിമാരായ ഗോദം നാഗേഷ്, സീതാറാം നായക്, മുൻ എംഎൽഎമാരായ ശൈദി റെഡ്ഡി, ജലറാം വെങ്കട് റാവു എന്നിവരും കോൺഗ്രസിൽനിന്ന് ശ്രീനിവാസ് ഗോമസെയുമാണു ബിജെപിയിലെത്തിയത്.