ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭാ തിര‍ഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, തിരഞ്ഞെടുപ്പു കമ്മിഷണർ അരുൺ ഗോയൽ രാജിവച്ചു. രാഷ്ട്രപതി രാജി സ്വീകരിച്ചു. മൂന്നംഗ കമ്മിഷനിൽ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ രാജീവ് കുമാർ മാത്രമാണു ശേഷിക്കുന്നത്. മറ്റൊരു കമ്മിഷണർ അനൂപ് ചന്ദ്ര പാണ്ഡെ കഴിഞ്ഞമാസം  വിരമിച്ചിരുന്നു.

ഗോയലിന്റെ രാജിയുടെ കാരണം വ്യക്തമല്ല. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര, റെയിൽവേ മന്ത്രാലയങ്ങളുമായി രാജീവ് കുമാറും അരുൺ ഗോയലും തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർ‍ച്ച ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ യോഗം നാളെ നടത്താൻ നിശ്ചയിച്ചിട്ടുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി 12നു പൊഖ്റാനിൽ സൈനിക ശക്തിപ്രകടനം കാണാൻ പോകും. അന്നേ ദിവസം കമ്മിഷൻ കശ്മീർ സന്ദർശിക്കാനും ആലോചിച്ചിരുന്നു. അതിനടുത്ത ദിവസംതന്നെ തിരഞ്ഞെടുപ്പു സമയക്രമം പ്രഖ്യാപിക്കുമെന്നായിരുന്നു സൂചന. അതിനിടെയാണ് ഗോയലിന്റെ രാജി. 1985 ബാച്ച് പഞ്ചാബ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന  ഗോയൽ 2022 നവംബർ 21നാണ് തിരഞ്ഞെടുപ്പു കമ്മിഷണറായി ചുമതലയേറ്റത്. 

തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ മാത്രം അവശേഷിക്കുന്നത് ആശങ്കാജനകമാണെന്നു തൃണമൂൽ കോൺഗ്രസിന്റെ രാജ്യസഭാംഗം സാകേത് ഗോഖലെ പറഞ്ഞു. മോദിയും അദ്ദേഹത്തിന്റെ മന്ത്രിയും ചേർന്ന് അവർക്കിഷ്ടമുളള 2 പേരെ കമ്മിഷണർമാരായി നിയമിക്കുമെന്നത് തിരഞ്ഞെടുപ്പു നടത്തിപ്പിനെക്കുറിച്ച് ഏറെ ആശങ്കയുണ്ടാക്കുന്നുവെന്നും പറഞ്ഞു.

പകരം നിയമനം: നടപടി ഉടൻ

രണ്ടു തിരഞ്ഞെടുപ്പു കമ്മിഷണർമാരെ നിയമിക്കാൻ കേന്ദ്ര സർക്കാർ ഉടൻ തന്നെ നടപടിയെടുക്കുമെന്നാണു സൂചന. വിരമിച്ച അനൂപ് പാണ്ഡെയ്ക്കു പകരമുള്ളയാളെ നിയമിക്കുന്നതിനു മുന്നോടിയായി സേർച് കമ്മിറ്റി കഴിഞ്ഞമാസം 7നു യോഗം ചേരാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീടതു മാറ്റിവച്ചു. 

തിരഞ്ഞെടുപ്പു കമ്മിഷണർമാരെ നിയമിക്കുന്നതിനുള്ള നിയമം കഴിഞ്ഞ ഡിസംബറിൽ ഭേദഗതി ചെയ്തിരുന്നു. അതനുസരിച്ച് പ്രധാനമന്ത്രി, അദ്ദേഹം നിർദേശിക്കുന്ന കേന്ദ്രമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷനേതാവ് അല്ലെങ്കിൽ ഏറ്റവും വലിയ കക്ഷിയുടെ നേതാവ് എന്നിവരടങ്ങുന്ന സമിതി നിർദേശിക്കുന്ന വ്യക്തിയെയാണ് മുഖ്യ കമ്മിഷണറോ കമ്മിഷണറോ ആയി രാഷ്ട്രപതി നിയമിക്കുക. നിയമമന്ത്രിയും രണ്ടു കേന്ദ്ര സെക്രട്ടറിമാരും അടങ്ങുന്ന സേർച് കമ്മിറ്റിയാണ് പ്രധാനമന്ത്രിയുടെ സമിതിക്കു പരിഗണിക്കാൻ പേരുകൾ നൽകുക.

English Summary:

Election Commissioner Arun Goel Resigns Weeks Before Lok Sabha Polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com