റോഡിൽ നമസ്കരിച്ചവരെ പൊലീസ് ഉദ്യോഗസ്ഥൻ ചവിട്ടി വീഴ്ത്തി; വിവാദം
Mail This Article
ന്യൂഡൽഹി ∙ റോഡിൽ നമസ്കാരം നിർവഹിക്കുന്നതിനിടെ മുസ്‍ലിം വിശ്വാസികളെ പൊലീസ് ഉദ്യോഗസ്ഥൻ ചവിട്ടി വീഴ്ത്തിയതിനെ ചൊല്ലി വിവാദം. സബ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്യുകയും നടപടിയെ ഡൽഹി പൊലീസ് അപലപിക്കുകയും ചെയ്തെങ്കിലും സംഭവം ഡൽഹിയിലെ ക്രമസമാധാന ചുമതല വഹിക്കുന്ന കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കി. വെള്ളിയാഴ്ച ഇന്ദർലോക് മെട്രോ സ്റ്റേഷനു സമീപം ജുമാ നമസ്കാരം നിർവഹിച്ചുകൊണ്ടിരുന്നവരെയാണ് എസ്ഐ: മനോജ് കുമാർ തോമർ പിന്നിൽ നിന്നു ചവിട്ടിയത്. സ്ഥലത്തു സംഘർഷ സാധ്യത കണക്കിലെടുത്ത് വൻസുരക്ഷ ഒരുക്കിയിട്ടുണ്ട്.
സംഭവം വിവാദമായതിനു പിന്നാലെ നാട്ടുകാർ വഴി ഉപരോധിക്കുകയും പൊലീസിനെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തു. ഉടൻ മനോജ് കുമാറിനെ സസ്പെൻഡ് ചെയ്തെങ്കിലും ആശങ്ക ഒഴിഞ്ഞിട്ടില്ല. വലിയ തോതിൽ അർധ സൈനിക വിഭാഗങ്ങളെ ഇവിടെ വിന്യസിച്ചു. അപവാദങ്ങൾക്ക് ചെവികൊടുക്കരുതെന്നും സൗഹാർദം ഉറപ്പിക്കണമെന്നും പൊലീസ് ജനങ്ങളോട് ആഹ്വാനം ചെയ്തു.
സംഭവത്തിൽ എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി കടുത്ത അതൃപ്തി അറിയിച്ചു. പ്രധാനമന്ത്രി അടക്കം ഇക്കാര്യത്തിൽ മറുപടി നൽകണമെന്നും ഉവൈസി പറഞ്ഞു. ഏതാനും ചിലരുടെ ചെയ്തികൾ കൊണ്ട് രാജ്യത്തിന്റെ പ്രതിഛായ തകർക്കാൻ കഴിയില്ലെന്നും ഇന്ത്യ എന്നും ന്യൂനപക്ഷങ്ങൾക്ക് സ്വർഗമായി തുടരുമെന്നും ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുക്താർ അബ്ബാസ് നഖ്‍വി പറഞ്ഞു.
ഇതിനിടെ, വിശ്വാസികളെ ചവിട്ടിയ ഡൽഹി പൊലീസിനു പിന്തുണയുമായി തെലങ്കാനയിലെ ബിജെപി എംഎൽഎ രാജാ സിങ് എത്തി. പൊലീസ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നും രാജ്യത്താകെ 6 ലക്ഷം മുസ്‍ലിം പള്ളികളുണ്ടെന്നിരിക്കെ എന്തിനാണ് വഴിയിൽ തടസ്സം സൃഷ്ടിച്ചുകൊണ്ട് നമസ്കാരം നടത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു. നടപടിയെ ലജ്ജാകരമെന്നു വിശേഷിപ്പിച്ച കോൺഗ്രസ്, ഇതാണോ അമൃത്കാലമായി ബിജെപി മുന്നോട്ടുവയ്ക്കുന്നതെന്നും ചോദിച്ചു.