വന്യജീവി ആക്രമണം: സുപ്രീം കോടതിയെ സമീപിച്ച് പി.വി.അൻവർ
Mail This Article
ന്യൂഡൽഹി ∙ മനുഷ്യർക്കു ഭീഷണിയാവുന്ന വന്യജീവികളെ നിയന്ത്രിതമായി വേട്ടയാടാൻ സമഗ്രനയം ആവശ്യപ്പെട്ട് നിലമ്പൂർ എംഎൽഎ പി.വി.അൻവർ സുപ്രീം കോടതിയെ സമീപിച്ചു. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്കു നഷ്ടപരിഹാരം ലഭ്യമാക്കാൻ പ്രത്യേക നിധി രൂപീകരിക്കണമെന്നും വന്യജീവി സംഘർഷം കുറയ്ക്കുന്നതിനുള്ള കർമപദ്ധതി തയാറാക്കുന്നതിനു സുപ്രീം കോടതിയിലെ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിൽ 2016–2023 കാലഘട്ടത്തിൽ 909 പേരാണു വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നും 68 കോടി രൂപയുടെ കൃഷിനാശം സംഭവിച്ചുവെന്നും ഹർജിയിൽ പറയുന്നു. വന്യജീവികളെ കൊല്ലുന്നതിനു പകരം വന്ധ്യകരണം ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ ജനനനിരക്ക് നിയന്ത്രിക്കുക, അക്രമകാരികളായ വന്യമൃഗങ്ങളെ മാറ്റി പാർപ്പിക്കാൻ നയം രൂപീകരിക്കുക, ഡ്രോണുകൾ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ചു വന്യജീവികളുടെ നീക്കങ്ങൾ നിരീക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും അഭിഭാഷകനായ കെ.ആർ.സുഭാഷ് ചന്ദ്രൻ മുഖേന നൽകിയ ഹർജിയിൽ ഉയർത്തുന്നുണ്ട്.