പാർട്ടികൾ പണമാക്കിയത് 22,030 ഇലക്ടറൽ ബോണ്ടുകൾ; 2019 ഏപ്രിൽ മുതൽ വിറ്റത് ആകെ 22,217 ബോണ്ടുകൾ
Mail This Article
ന്യൂഡൽഹി ∙ ഇലക്ടറൽ ബോണ്ട് കേസിൽ സുപ്രീം കോടതിയുടെ നിർദേശപ്രകാരം എസ്ബിഐ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു കൈമാറിയത് 2019 ഏപ്രിൽ മുതൽ വിറ്റ 22,217 ഇലക്ടറൽ ബോണ്ടുകളുടെ വിവരങ്ങൾ. ഇതിൽ 22,030 ബോണ്ടുകൾ വിവിധ പാർട്ടികൾ പണമാക്കി മാറ്റിയെടുത്തതായി സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ എസ്ബിഐ വ്യക്തമാക്കി.
2 ലിസ്റ്റുകളാണുള്ളത്. 1) ബോണ്ടുകൾ വാങ്ങിയവരുടെ പട്ടിക. 2) പാർട്ടികൾ ബോണ്ട് പണമാക്കിയതിന്റെ പട്ടിക. രണ്ടിലും ബോണ്ട് വാങ്ങിയ/പണമാക്കിയ തീയതിയും മൂല്യവുമുണ്ട്. പെൻഡ്രൈവിലാണ് ഈ ലിസ്റ്റുകൾ കമ്മിഷനു നൽകിയിരിക്കുന്നത്. തുറക്കാൻ പാസ്‍വേഡുമുണ്ട്. ഇവ നാളെ വൈകിട്ട് അഞ്ചിനകം തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നാണ് കോടതിയുടെ നിർദേശം. 2019 നു മുൻപുള്ള ഇലക്ടറൽ ബോണ്ടുകളുടെ വിവരങ്ങൾ കമ്മിഷന്റെ പക്കലുണ്ട്. ഇവ കൂടി പ്രസിദ്ധീകരിക്കാനും നിർദേശിച്ചിട്ടുണ്ട്.