കോൺഗ്രസിന്റെ ‘മഹിളാ ന്യായ് ഗ്യാരന്റി’; നിർധന സ്ത്രീകൾക്ക് പ്രതിവർഷം അക്കൗണ്ട് വഴി ഒരു ലക്ഷം രൂപ
Mail This Article
മുംബൈ ∙ കോൺഗ്രസ് അധികാരത്തിലെത്തിയാൽ നിർധന സ്ത്രീകൾക്ക് പ്രതിവർഷം 1 ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴി കൈമാറുന്നതുൾപ്പെടെ ‘മഹിളാ പ്രകടന പത്രിക’ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. വനിതകൾക്ക് സർക്കാർ ജോലികളിൽ 50 % സംവരണം ഏർപ്പെടുത്തുന്നതിനൊപ്പം അങ്കണവാടി ജീവനക്കാർ, ആശ വർക്കർമാർ, ഉച്ചഭക്ഷണം ഉണ്ടാക്കുന്നവർ എന്നിവർക്കുള്ള കേന്ദ്ര വിഹിതം ഇരട്ടിയാക്കും.
അവകാശങ്ങളെക്കുറിച്ച് ബോധവൽകരിക്കാനും കേസുകളിൽ സഹായിക്കാനും പഞ്ചായത്ത് തലത്തിൽ നോഡൽ ഓഫിസർമാർ, എല്ലാ ജില്ലകളിലും ഹോസ്റ്റലുകൾ, വർക്കിങ് വിമൻ ഹോസ്റ്റലുകളുടെ എണ്ണം ഇരട്ടിയാക്കൽ എന്നവയാണു മറ്റു ‘മഹിളാ ന്യായ് ഗ്യാരന്റി’കൾ.
ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ മഹാരാഷ്ട്രയിലെ ധുളെയിൽ വനിതാ സമ്മേളനത്തിലാണു പ്രഖ്യാപനം നടത്തിയത്. വൻകിട വ്യവസായികളുടെ 16 ലക്ഷം കോടി രൂപ എഴുതിത്തള്ളിയ കേന്ദ്ര സർക്കാർ കർഷകരെയും യുവാക്കളെയും അവഗണിച്ചെന്നും രാഹുൽ ആരോപിച്ചു.