17 വയസ്സുകാരിയോട് ലൈംഗികഅതിക്രമം; യെഡിയൂരപ്പയ്ക്ക് എതിരെ പോക്സോ കേസ്
Mail This Article
ബെംഗളൂരൂ ∙ 17 വയസ്സുകാരിയോട് ലൈംഗികഅതിക്രമം കാട്ടിയെന്ന അമ്മയുടെ പരാതിയിൽ കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയ്ക്ക് എതിരെ പോക്സോ കേസെടുത്തു. ബിജെപി പാർലമെന്ററി ബോർഡ് അംഗമായ അദ്ദേഹത്തിനെതിരെ പൊലീസ് റജിസ്റ്റർ ചെയ്ത കേസ് സിഐഡി വിഭാഗത്തിനു കൈമാറി.
ബെംഗളൂരു മുൻ പൊലീസ് കമ്മിഷണർമാരായ അലോക് കുമാർ, ഭാസ്കർ റാവു എന്നിവരുൾപ്പെടെ 53 പേർക്കെതിരെ പെൺകുട്ടിയുടെ അമ്മ സമാന പരാതി നൽകിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. ആരോപണം തള്ളിയ യെഡിയൂരപ്പ, പരാതിക്കാരിക്കു മാനസിക പ്രശ്നമുണ്ടെന്നു തോന്നുന്നതായും കേസ് രാഷ്ട്രീയപ്രേരിതമാണെന്നു കരുതുന്നില്ലെന്നും പ്രതികരിച്ചു. പരാതി അതീവഗൗരവത്തോടെ പരിഗണിക്കുന്നതിനൊപ്പം അവരുടെ മാനസികനിലയെക്കുറിച്ചും അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര വ്യക്തമാക്കി.
യെഡിയൂരപ്പയുടെ വീട്ടിൽനിന്നു പകർത്തിയ 2 വിഡിയോ ക്ലിപ്പുകളും പുറത്തുവന്നിട്ടുണ്ട്. കോടികളുടെ സ്വത്തുണ്ടെങ്കിലും കേസിൽ പ്രശ്നത്തിലാണെന്നും സഹായിക്കണമെന്നും പെൺകുട്ടിയുടെ അമ്മ പറയുന്നതാണ് ആദ്യത്തേതിൽ. പെൺകുട്ടിയുടെ കൈ പിടിക്കുന്ന യെഡിയൂരപ്പയുടെ ദൃശ്യമാണ് രണ്ടാമത്തെ വിഡിയോയിൽ. ഫെബ്രുവരി 2ന് പരാതി പറയാൻ ചെന്നപ്പോൾ മകളെ യെഡിയൂരപ്പ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം കാട്ടിയെന്നാണ് പരാതിയിലെ ആരോപണം.