ബിജെപി ഏറ്റവും വലിയ ഭീഷണി റാക്കറ്റ്: രാഹുൽ ഗാന്ധി
Mail This Article
മുംബൈ ∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), സിബിഐ ഉൾപ്പെടെയുള്ള ഏജൻസികളെ ഉപയോഗിച്ച് കോർപറേറ്റ് സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തിയാണ് ബിജെപി ഇലക്ടറൽ ബോണ്ടുകൾ സമാഹരിച്ചതെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ലോകത്തെ ഏറ്റവും വലിയ ഭീഷണി റാക്കറ്റാണിത്. ഇങ്ങനെ സമാഹരിച്ച ഫണ്ട് രാഷ്ട്രീയ പാർട്ടികളെ പിളർത്താനും പ്രതിപക്ഷ സർക്കാരുകളെ അട്ടിമറിക്കാനും ഉപയോഗിച്ചെന്നും ഭാരത് ജോഡോ ന്യായ് യാത്രയോടനുബന്ധിച്ച് താനെയിൽ വാർത്താസമ്മേളനത്തിൽ രാഹുൽ ആരോപിച്ചു.
പാൽഘർ ജില്ലയിലെ ആദിവാസി മേഖലയായ വാഡ താലൂക്കിൽ അദ്ദേഹം ജനങ്ങളുമായി സംവദിച്ചു. ആദിവാസി, ദലിത്, പിന്നാക്ക വിഭാഗങ്ങൾക്ക് ഭരണം, ജുഡീഷ്യറി, മാധ്യമങ്ങൾ ഉൾപ്പെടെയുള്ള മേഖലകളിലുള്ള പ്രാതിനിധ്യം തീരെ കുറവാണെന്ന് ചൂണ്ടിക്കാട്ടി. അസന്തുലിതാവസ്ഥ ഇല്ലാതാക്കാൻ രാജ്യവ്യാപകമായി ജാതി സെൻസസ് ആവശ്യമാണെന്നും കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ അതു നടത്തുമെന്നും രാഹുൽ പറഞ്ഞു.
ഇതിനിടെ, കേന്ദ്ര അന്വേഷണ ഏജൻസികൾ റെയ്ഡ് നടത്തിയ സ്ഥാപനങ്ങളിൽ നിന്ന് ഇലക്ടറൽ ബോണ്ടിന്റെ രൂപത്തിൽ ബിജെപി 6065 കോടി രൂപ സംഭാവന പിരിച്ച സംഭവം സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആവശ്യപ്പെട്ടു.