ഡൽഹി മദ്യനയക്കേസ്: കവിത അറസ്റ്റിൽ
Mail This Article
ന്യൂഡൽഹി ∙ ഡൽഹി മദ്യനയ അഴിമതിക്കേസിൽ ബിആർഎസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ.കവിതയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഹൈദരാബാദിൽ അറസ്റ്റ് ചെയ്തു. കവിതയുടെ വീട്ടിലെ റെയ്ഡിനൊടുവിൽ വൈകിട്ടായിരുന്നു അറസ്റ്റ്. ഡൽഹിയിലെത്തിച്ച് കൂടുതൽ ചോദ്യംചെയ്യും. ബലംപ്രയോഗിച്ചു നടപടിയെടുക്കില്ലെന്നു സുപ്രീം കോടതിയിൽ മുൻപു നൽകിയ ഉറപ്പ് ഇ.ഡി ലംഘിക്കുകയാണെന്നും അതിന്റെ പ്രത്യാഘാതമുണ്ടാകുമെന്നും പറഞ്ഞ് കവിതയുടെ സഹോദരനും മുൻമന്ത്രിയുമായ കെ.ടി.രാമറാവു ഉദ്യോഗസ്ഥരുമായി കൊമ്പുകോർത്തു.
ഇതേ കേസിൽ അഡീഷനൽ ചീഫ് മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് കോടതിയുടെ സമൻസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ നൽകിയ ഹർജി റോസ് അവന്യു സെഷൻസ് കോടതി തള്ളി. ഇതോടെ, മജിസ്ട്രേട്ട് കോടതിയിൽ കേജ്‌രിവാളിന് ഇന്ന് ഹാജരാകേണ്ടി വരും. കേസിൽ ജയിലിലുള്ള ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി കഴിഞ്ഞദിവസം തള്ളി.