പ്രധാനമന്ത്രി പറഞ്ഞ ‘കുചേലൻ’ എവിടെ?
Mail This Article
ന്യൂഡൽഹി ∙ ‘ഇന്നാണ് ശ്രീകൃഷ്ണനു കുചേലൻ ഒരുപിടി അവൽ നൽകിയിരുന്നതെങ്കിൽ അത് അഴിമതിയാണെന്നു സുപ്രീം കോടതി പറഞ്ഞേനെ’- ഇലക്ടറൽ ബോണ്ട് റദ്ദാക്കി സുപ്രീം കോടതി വിധി പറഞ്ഞതിനെ ഉദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസം ഇങ്ങനെയായിരുന്നു.
എന്നാൽ, ഇലക്ടറൽ ബോണ്ട് വാങ്ങിയവരുടെ പട്ടികയിൽ കുചേലന്മാർ ഇല്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ആകെ ബോണ്ടുകളുടെ 96 ശതമാനവും ഒരുകോടി രൂപ മൂല്യമുള്ളതാണ്. ഇവയുടെ ആകെ മൂല്യം 11,672 കോടി രൂപ. 1000 രൂപയുടെ ബോണ്ടിന്റെ മൂല്യം വെറും 0.00010% മാത്രം. വിറ്റുപോയത് വെറും 133 ബോണ്ട്. ആകെ 1.3 ലക്ഷം രൂപ.
ബോണ്ട്, മൂല്യം, ശതമാനം
₨ ഒരു കോടി: 11,672 കോടി രൂപ (96.01%)
₨ 10 ലക്ഷം: 462.1 കോടി രൂപ (3.8%)
₨ ഒരു ലക്ഷം: 22.29 കോടി രൂപ (0.18%)
₨ 10,000: 22.1 ലക്ഷം രൂപ (0.0018%)
₨ 1000: 1.3 ലക്ഷം രൂപ (0.00010%)
ഇലക്ടറൽ ബോണ്ട് പദ്ധതി ഏറ്റവും മികച്ചതായിരുന്നിരിക്കില്ല. സുപ്രീം കോടതി വിധിയിൽനിന്നു പാഠം ഉൾക്കൊണ്ടാകും കൂടുതൽ സുതാര്യമായ സംവിധാനം രൂപീകരിക്കുക. - നിർമല സീതാരാമൻ (കേന്ദ്ര ധനമന്ത്രി)
കേരളത്തിൽ 28 കോടിയുടെ ബോണ്ട്
∙ 26 കോടി രൂപയും ഒരുകോടി മൂല്യമുള്ള ബോണ്ടുകളിലൂടെ
ന്യൂഡൽഹി ∙ 2018 മുതൽ കേരളത്തിൽ എസ്ബിഐ വിറ്റത് 28.4 കോടി രൂപയുടെ ഇലക്ടറൽ ബോണ്ട്. എസ്ബിഐ നൽകിയ വിവരാവകാശ മറുപടിയിലാണ് ഇക്കാര്യമുള്ളത്. ആകെ 87 ബോണ്ടുകളാണു തിരുവനന്തപുരം എസ്ബിഐ മെയിൻ ബ്രാഞ്ചിലൂടെ വിറ്റത്. ഇതിൽ 26 ബോണ്ടുകൾ ഒരുകോടി രൂപ വീതമുള്ളതാണ് (26 കോടി രൂപ). അതായത് മൊത്തം മൂല്യത്തിന്റെ 91%. 29 എസ്ബിഐ ബ്രാഞ്ചുകളിലൂടെയാണ് രാജ്യമാകെ ഇലക്ടറൽ ബോണ്ടുകൾ വിറ്റത്. ഏറ്റവും കൂടുതൽ ബോണ്ട് വിറ്റത് മുംബൈ മെയിൻ ബ്രാഞ്ചിലാണ്– 409.35 കോടി രൂപ.
കേരളം
ബോണ്ട്, എണ്ണം, ആകെ മൂല്യം
ഒരു കോടി രൂപ: 26 (26 കോടി രൂപ)
10 ലക്ഷം രൂപ: 21 (2.1 കോടി രൂപ)
ഒരു ലക്ഷം രൂപ: 29 (29 ലക്ഷം രൂപ)
10,000 രൂപ: 11 (1,10,000 രൂപ)