ന്യായ് യാത്രയ്ക്ക് മുംബൈയിൽ സമാപനം; ഇന്ന് ശിവാജി പാർക്കിൽ ഇന്ത്യാ മുന്നണിയുടെ മെഗാറാലി
Mail This Article
മുംബൈ ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജനങ്ങളെ ചേർത്തുനിർത്താൻ ലക്ഷ്യമിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ ന്യായ് യാത്ര ദാദറിലെ അംബേദ്കർ സ്മൃതി മണ്ഡപത്തിൽ സമാപിച്ചു. ഇതോടനുബന്ധിച്ച് ഇന്നു മുംബൈ ശിവാജി പാർക്കിൽ നടക്കുന്ന മെഗാ റാലി ഇന്ത്യാ മുന്നണിയുടെ ശക്തിപ്രകടനവും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കവുമാകും.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, എൻസിപി സ്ഥാപകൻ ശരദ് പവാർ, ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ആർജെഡി നേതാവ് തേജസ്വി യാദവ് തുടങ്ങിയവർ കോൺഗ്രസ് നേതൃത്വത്തിനൊപ്പം കൈകോർക്കും. ലക്ഷക്കണക്കിനു പ്രവർത്തകരെ അണിനിരത്താനാണു മുന്നണി ലക്ഷ്യമിടുന്നത്.
‘സാമൂഹിക,സാമ്പത്തിക, രാഷ്ട്രീയ നീതി’ എന്ന മുദ്രാവാക്യവുമായി ജനുവരി 14നു മണിപ്പുരിലെ ഇംഫാലിൽ തുടങ്ങിയ ന്യായ് യാത്ര 63 ദിവസം കൊണ്ട് 15 സംസ്ഥാനങ്ങൾ പിന്നിട്ടു. ഗോത്രവർഗക്കാർ, സ്ത്രീകൾ, യുവാക്കൾ, കർഷകർ തുടങ്ങി വിവിധ വിഭാഗങ്ങൾക്കായി പ്രത്യേക വികസന പദ്ധതികളും രാഹുൽ പ്രഖ്യാപിച്ചു.
ഇന്നലെ സമാപനത്തിനു മുന്നോടിയായി നടന്ന പര്യടനത്തിൽ പ്രിയങ്ക ഗാന്ധിയും അണിചേർന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മഹാരാഷ്ട്രയുടെ ചുമതലയുള്ള കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവരും തുറന്ന ജീപ്പിൽ ഒപ്പമുണ്ടായിരുന്നു.