കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ്: സമയമായിട്ടില്ലെന്ന് കമ്മിഷൻ
Mail This Article
ന്യൂഡൽഹി/ശ്രീനഗർ ∙ ലോക്സഭയ്ക്കൊപ്പം ജമ്മു കശ്മീർ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പും പ്രഖ്യാപിക്കുമെന്നായിരുന്നു അഭ്യൂഹമെങ്കിലും അതിനുള്ള സമയമായിട്ടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ രാജീവ് കുമാർ പറഞ്ഞു. സുരക്ഷാപ്രശ്നങ്ങളാണ് കാരണം. ലോക്സഭാ തിരഞ്ഞെടുപ്പു നടപടികൾ പൂർത്തിയായ ശേഷം കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നടപടികൾ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
‘പാർലമെന്റിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടത്തണമെന്നായിരുന്നു ജമ്മു കശ്മീരിലെ എല്ലാ പാർട്ടികളും ആവശ്യപ്പെട്ടത്. എന്നാൽ ഇതു സാധിക്കില്ലെന്നാണ് ഭരണസംവിധാനത്തിന്റെ നിലപാട്. ഓരോ മണ്ഡലത്തിലും 10–12 സ്ഥാനാർഥികളുണ്ടാകും. മൊത്തം ആയിരത്തിലേറെ സ്ഥാനാർഥികൾ. എല്ലാവർക്കും സുരക്ഷ ഒരുക്കേണ്ടതുണ്ട്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഇതു സാധിക്കില്ല’– രാജീവ് കുമാർ പറഞ്ഞു.
ജമ്മു കശ്മീർ പുനഃസംഘടനാ ഭേദഗതി നിയമം കഴിഞ്ഞ ഡിസംബറിലാണു പ്രാബല്യത്തിൽ വന്നതെന്നും അന്നു മുതൽ തിരഞ്ഞെടുപ്പു നടത്താനുള്ള ഒരുക്കങ്ങൾ കമ്മിഷൻ തുടങ്ങിയിരുന്നെന്നും കമ്മിഷൻ പറഞ്ഞു. 2019 ലാണു ജമ്മു കശ്മീർ പുനഃസംഘടനാ നിയമം പാസാക്കിയത്. അതിൽ 107 സീറ്റുകൾക്കുള്ള വ്യവസ്ഥയുണ്ടായിരുന്നു. പിന്നീടു ഡീലിമിറ്റേഷൻ കമ്മിഷൻ സീറ്റുകളുടെ എണ്ണത്തിൽ മാറ്റം വരുത്തി– കമ്മിഷൻ വിശദീകരിച്ചു.
നിലവിൽ പാക്ക് അധീന കശ്മീരിലെ 24 എണ്ണമുൾപ്പെടെ 114 സീറ്റുകളാണു ജമ്മു കശ്മീർ നിയമസഭയിൽ നിശ്ചയിച്ചിരിക്കുന്നത്. ജമ്മു കശ്മീരിൽ ഈ വർഷം സെപ്റ്റംബർ 30നു മുൻപു തിരഞ്ഞെടുപ്പു നടത്തണമെന്നു കഴിഞ്ഞ വർഷം സുപ്രീം കോടതി നിർദേശിച്ച സാഹചര്യത്തിൽ ജൂണിൽ പാർലമെന്റ് തിരഞ്ഞെടുപ്പു നടപടികൾ പൂർത്തിയായാൽ ഉടൻ നിയമസഭയിലേക്കും തിരഞ്ഞെടുപ്പു പ്രഖ്യാപിക്കേണ്ടി വരും.
സെപ്റ്റംബറിൽ അമർനാഥ് യാത്രയ്ക്ക് ശേഷമാകും തിരഞ്ഞെടുപ്പെന്നും അഭ്യൂഹമുണ്ട്. ലോക്സഭയിലെ 5 മണ്ഡലങ്ങളിലേക്ക് 5 ഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പു നടത്തുന്നത്. ബാരാമുള്ള, ശ്രീനഗർ, അനന്ത്നാഗ്, ഉധംപുർ, ജമ്മു എന്നിവയാണ് ഈ മണ്ഡലങ്ങൾ.
ഇതിനിടെ, തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനെതിരെ ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതാക്കൾ പ്രതികരിച്ചു. ‘ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ്’ പദ്ധതിയെ ഇതിന്റെ പശ്ചാത്തലത്തിൽ ചോദ്യം ചെയ്ത് നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുല്ല എക്സിൽ പോസ്റ്റിട്ടു. തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ സമ്മതിക്കുന്നു. എന്നാൽ അവർക്കത് സാധിക്കുന്നില്ലെന്നും അദ്ദേഹം കുറിച്ചു.