ADVERTISEMENT

∙ സിഎഎ, യുസിസി : 2019ൽ പാസായ പൗരത്വ ഭേദഗതി നിയമം (സിഎഎ) അനുസരിച്ചുള്ള ചട്ടങ്ങൾ 4 വർഷത്തിനുശേഷം തിരഞ്ഞെടുപ്പിനു തൊട്ടുമുൻപായി വിജ്ഞാപനം ചെയ്തത് ചർച്ചയായി. ദേശീയ പൗര റജിസ്റ്റർ (എൻപിആർ), ദേശീയ ജനസംഖ്യാ റജിസ്റ്റർ (എൻആർസി) എന്നിവ സംബന്ധിച്ച അനുബന്ധ ചർച്ചകളും ഇതോടൊപ്പം ഉയരുന്നു. ഉത്തരാഖണ്ഡ് ഏക വ്യക്തിനിയമം (യുസിസി) നടപ്പാക്കി. അസമും ആ വഴിയിലാണ്. സംസ്ഥാനങ്ങളിൽ നടപ്പാക്കിയശേഷം കേന്ദ്രം നിയമനിർമാണം കൊണ്ടുവരുന്ന രീതിയാണ് ബിജെപി ലക്ഷ്യമിടുന്നത്.

∙ രാമക്ഷേത്രം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ വലിയ ചലനമുണ്ടാക്കുമെന്നാണു ബിജെപിയുടെ വിലയിരുത്തൽ. നരേന്ദ്ര മോദിയാണ് രാമക്ഷേത്രത്തിനു വഴിയൊരുക്കിയതെന്ന പ്രചാരണത്തിന് ഉത്തരേന്ത്യയിൽ മാത്രമല്ല, ദക്ഷിണേന്ത്യയിലും അലയൊലി അവർ പ്രതീക്ഷിക്കുന്നു. എന്നാൽ ക്ഷേത്രപ്രതിഷ്ഠയുടെ ആവേശം വോട്ടിൽ പ്രതിഫലിക്കില്ലെന്നും അതുകൊണ്ടാണു കാശി, മഥുര വിഷയങ്ങൾ സംഘപരിവാർ ഉയർത്താൻ ശ്രമിക്കുന്നതെന്നുമാണു പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ.

∙ ഇലക്ടറൽ ബോണ്ട്: ഇലക്ടറൽ ബോണ്ട് വഴി രാഷ്ട്രീയ പാർട്ടികൾക്കു ലഭിച്ച തുകയുടെ വിശദാംശങ്ങൾ പുറത്തുവരുന്നത് വിവിധ കക്ഷികളും സംഘടനകളും ബിജെപിക്ക് എതിരായ ആയുധമാക്കിക്കഴിഞ്ഞു. കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്ത് വൻകിട കമ്പനികളിൽനിന്നു ബോണ്ട് വഴി പണം ശേഖരിക്കുകയും എതിരാളികൾക്ക് പണം ലഭിക്കുന്നത് തടയുകയും ചെയ്യുന്നതായാണ് ആരോപണം. സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് കടുത്ത നടപടികൾ സ്വീകരിച്ചതോടെ 12,769 കോടി രൂപയുടെ കണക്ക് പുറത്തായി. ഇതിൽ 6061 കോടി രൂപയും ലഭിച്ചത് ബിജെപിക്ക് ആണെന്നതു ചർച്ചാവിഷയമായിക്കഴിഞ്ഞു.

∙  കർഷക സമരം: മിനിമം താങ്ങുവിലയ്ക്കു നിയമപരമായ ഉറപ്പു ലഭിക്കണമെന്നാവശ്യപ്പെട്ട് ഉത്തരേന്ത്യയിൽ വിവിധ കർഷകസംഘടനകൾ സമരരംഗത്തുണ്ട്. മുൻപ് ഒന്നര വർഷത്തോളം നീണ്ട സമരത്തിനു ശേഷം കൃഷിനിയമങ്ങൾ പിൻവലിക്കുമ്പോൾ കേന്ദ്രസർക്കാർ മുന്നോട്ടുവച്ച ഉറപ്പുകളിലൊന്നാണിത്. ഹരിയാനയിലും പടി‍ഞ്ഞാറൻ യുപിയിലും രാജസ്ഥാനിലും ഉയരുന്ന കർഷകരോഷം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചേക്കാം. പഞ്ചാബിൽ ബിജെപിക്ക് പഴയ സഖ്യകക്ഷിയായ അകാലിദളുമായി സഖ്യം പുനഃസ്ഥാപിക്കുന്നതിനും സമരം വിലങ്ങുതടിയാണ്.

∙ മണിപ്പുർ: ഇനിയും അടങ്ങാത്ത മണിപ്പുർ കലാപം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിസഖ്യത്തിനു ക്ഷീണമായേക്കും. മേഖലയിലെ ഘടകകക്ഷികളും ഇക്കാര്യത്തിൽ രണ്ടു മനസ്സോടെയാണ് ബിജെപിക്കൊപ്പം നിൽക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യയിലും പ്രതിപക്ഷം ഇതു പ്രധാന ചർച്ചാവിഷയമാക്കുന്നു. വടക്കുകിഴക്കൻ മേഖലയിൽ ബിജെപി വിരുദ്ധ വോട്ടുകൾ പ്രാദേശിക കക്ഷികൾക്കിടയിൽ ചിതറിപ്പോകുന്നതു പ്രതിപക്ഷത്തിനു വെല്ലുവിളിയാണ്.

English Summary:

Electoral Bond, Citizenship amendment Act...; discussions during Loksabha Elections 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com