18–ാം ലോക്സഭയിലേക്ക് 18 അടവുകളോടെ; ശക്തികേന്ദ്രങ്ങൾക്ക് പുറത്ത് കൂടുതൽ സീറ്റ് മോഹിച്ച് മുന്നണികൾ
Mail This Article
രണ്ടാമതും ഭരണത്തുടർച്ച നേടുമെന്ന ബിജെപിയുടെ ആത്മവിശ്വാസത്തിന് ഇന്ത്യാമുന്നണിയാണു കോൺഗ്രസിന്റെ മറുപടി. ഇരുകക്ഷികൾക്കും പിന്നിലായി പ്രാദേശികതലത്തിലെ കരുത്തരുമുണ്ട്. മുന്നണികളുടെ കണക്കുകൂട്ടൽ ഇങ്ങനെ:
എൻഡിഎ
ലക്ഷ്യമിടുന്ന സീറ്റുകളുടെ കൃത്യം കണക്ക് ഒരുമാസം മുൻപേ പ്രഖ്യാപിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും പോരാട്ടത്തിനിറങ്ങുന്നത്. ബിജെപിക്ക് 370, എൻഡിഎയ്ക്ക് 400. 2019ൽ ബിജെപി നേടിയതിനെക്കാൾ 67 സീറ്റ് അധികം ലക്ഷ്യം. ഇതു നടക്കണമെങ്കിൽ ദക്ഷിണേന്ത്യയടക്കം രാജ്യത്തുടനീളം ബിജെപി തരംഗം ആഞ്ഞുവീശേണ്ടി വരും.
10 സംസ്ഥാനങ്ങൾ കഴിഞ്ഞതവണ ബിജെപി ഒറ്റയ്ക്കു മത്സരിച്ചു തൂത്തുവാരിയിരുന്നു–ഗുജറാത്ത്, കർണാടക, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, യുപി, ഡൽഹി, ഹിമാചൽ, ഉത്തരാഖണ്ഡ് എന്നിവ. ഇവിടെ 229 സീറ്റിൽ 202 എണ്ണവും ബിജെപി നേടി. സഖ്യത്തിൽ മത്സരിക്കുന്ന ബിഹാർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ 88ൽ 80 സീറ്റ് കഴിഞ്ഞ തവണ നേടിയ എൻഡിഎ അവിടെയും പരമാവധി ഉയരത്തിലാണ്. അതിനാൽ മോദി കുറിച്ച ലക്ഷ്യത്തിലേക്കെത്താൻ ഈ ശക്തികേന്ദ്രങ്ങൾക്കു പുറത്തു വൻതോതിൽ സീറ്റ് നേടേണ്ടിവരും. അധികസീറ്റുകൾക്കായി ബംഗാൾ, ഒഡീഷ, തെലങ്കാന സംസ്ഥാനങ്ങളിലേക്കാണു ബിജെപി നോട്ടമിടുന്നത്.
തന്ത്രം: മോദിയുടെ പ്രതിഛായയിൽ വിശ്വാസമർപ്പിച്ച്, വികസിത ഇന്ത്യയെന്ന മുദ്രാവാക്യമുയർത്തി ശക്തമായ പ്രചാരണം. എല്ലാം തന്നിൽ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിനാണു മോദിയും തയാറെടുക്കുന്നത്. രാമക്ഷേത്രം യാഥാർഥ്യമാക്കിയത് ഹിന്ദി ഹൃദയഭൂമിയിൽ വോട്ടായി മാറുമെന്നു കണക്കുകൂട്ടുന്നു. പ്രതിപക്ഷനിര ഉയർത്തുന്ന ഒബിസി രാഷ്ട്രീയത്തിന്റെ മുനയൊടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിഹാറിൽ നിതീഷുമായുള്ള സഖ്യം മുതൽ ഹരിയാനയിലെ മുഖ്യമന്ത്രിമാറ്റം വരെയുള്ള നീക്കങ്ങൾ നടത്തിയത്.
ശക്തികേന്ദ്രങ്ങളിൽ ബിജെപിക്ക് ഇനിയും വളരാൻ സ്ഥലമില്ലെന്നു മാത്രമല്ല, പലയിടത്തും സീറ്റ് കുറയാനും സാധ്യതയുണ്ടെന്ന് ഇന്ത്യാമുന്നണി കണക്കുകൂട്ടുന്നു. സ്വന്തം നിലയിൽ 110 – 120 സീറ്റ് നേടാനായാൽ മറ്റു കക്ഷികളെ കൂട്ടുപിടിച്ചു സർക്കാരുണ്ടാക്കാമെന്നു കോൺഗ്രസ് കരുതുന്നു. കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആകെയുള്ള 131 സീറ്റിൽ 50 – 60 എണ്ണമാണു പാർട്ടിയുടെ ലക്ഷ്യം. എങ്കിലും സീറ്റ് മൂന്നക്കം കടക്കാൻ ബിജെപിയുമായി നേർക്കുനേർ പോരാടുന്ന ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസിന്റെ ഉയിർത്തെഴുന്നേൽപ് അനിവാര്യം.
ഉത്തര, മധ്യ ഇന്ത്യയിലെ ഹിന്ദി മേഖലയിലുള്ള 155 സീറ്റിൽ കഴിഞ്ഞ തവണ കോൺഗ്രസ് നേടിയത് 4 സീറ്റ് മാത്രമായിരുന്നു. സമാജ്‌വാദി പാർട്ടി, ആം ആദ്മി പാർട്ടി എന്നിവ കോൺഗ്രസുമായി കൈകോർത്തത് ഇന്ത്യാമുന്നണിക്ക് ആശ്വാസമാണ്. ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ സഖ്യത്തിൽ ചേരാത്തതു തിരിച്ചടിയാണ്.
തന്ത്രം: ‘ഇന്ത്യ തിളങ്ങുന്നു’ എന്ന ബിജെപിയുടെ മുദ്രാവാക്യത്തിനു മറുപടിയായി ‘സാധാരണക്കാർക്ക് എന്തുലഭിച്ചു’ എന്ന ചോദ്യമുയർത്തി ഭരണം പിടിച്ച 2004ലെ ഫോർമുലയാണ് ഇക്കുറി പരീക്ഷിക്കുക.
കഴിഞ്ഞ തവണത്തേതുപോലെ മോദിയും രാഹുൽ ഗാന്ധിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടം എന്ന നിലയിൽ തിരഞ്ഞെടുപ്പിനെ മാറ്റാൻ കോൺഗ്രസ് താൽപര്യപ്പെടുന്നില്ല. 450 സീറ്റിൽ പൊതുസ്ഥാനാർഥിയെ നിർത്താനാണു മുന്നണിയുടെ നീക്കം. അതേസമയം, യുപിയിൽ ബിഎസ്പിയും ബിഹാറിൽ എഐഎംഐഎമ്മും സ്വന്തം സ്ഥാനാർഥികളെ ഇറക്കുന്നതു ബിജെപിവിരുദ്ധ വോട്ടുകൾ ഭിന്നിക്കാൻ വഴിയൊരുക്കും.