കശ്മീരിൽ ബിജെപിക്ക് ആത്മവിശ്വാസമില്ല: ഒമർ അബ്ദുല്ല
Mail This Article
ശ്രീനഗർ ∙ ആറു വർഷത്തോളമായി കേന്ദ്രം നേരിട്ടു നിയന്ത്രിക്കുന്ന ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് ഇക്കുറി ഏവരും ഉറ്റുനോക്കുന്നു. ലോക്സഭയ്ക്കൊപ്പം ഇല്ലെന്നു വ്യക്തമായെങ്കിലും കോടതി ഉത്തരവുള്ളതിനാൽ സെപ്റ്റംബർ 30നു മുൻപ് നിയമസഭാ തിരഞ്ഞെടുപ്പു നടത്തണമെന്നതിനാൽ പ്രത്യേകിച്ചും. കശ്മീരിലെ രാഷ്ട്രീയസ്ഥിതിയും ബിജെപിയുടെയും ഇന്ത്യാസഖ്യത്തിന്റെയും സാധ്യതയും സംബന്ധിച്ച് നാഷനൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുല്ല സംസാരിക്കുന്നു.
∙ മക്കൾരാഷ്ട്രീയത്തിന്റെ കെടുതി ഏറെ അനുഭവിച്ച നാടാണു ജമ്മു കശ്മീരെന്നു നരേന്ദ്ര മോദി ആരോപിക്കുന്നുണ്ടല്ലോ ?
അവർക്കൊപ്പം നിന്നാൽ ബിജെപിക്കു മക്കൾരാഷ്ട്രീയം പ്രശ്നമല്ല. കശ്മീരിൽ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചും സംസ്ഥാനപദവി തിരിച്ചുനൽകുന്നതിനെക്കുറിച്ചും വൈദ്യുതിവിതരണം മെച്ചപ്പെടുത്താൻ കൈക്കൊണ്ട നടപടിയെക്കുറിച്ചും പ്രധാനമന്ത്രി മിണ്ടുമോ ? യുവാക്കൾക്കു ജോലിയെക്കുറിച്ചും ദിവസവേതനക്കാർക്കു ജോലി സ്ഥിരപ്പെടുത്തലിനെക്കുറിച്ചുമാണ് അറിയേണ്ടത്.
∙ പ്രത്യേകപദവി റദ്ദാക്കിയശേഷം കശ്മീരിൽ വൻകിട നിക്ഷേപങ്ങൾ വന്നെന്ന അവകാശവാദമോ ?
ടൂറിസം, തോട്ടക്കൃഷി, കരകൗശലം തുടങ്ങിയവയാണ് കശ്മീരിലെ പ്രധാന മേഖലകൾ. ഇതിലെവിടെയാണ് നിക്ഷേപം? ഒരു പുതിയ ഹോട്ടൽ കാണിച്ചുതരാമോ ? ആകെയുള്ളത് പുൽവാമയിൽ നിർമാണത്തിലുള്ള മാൾ മാത്രം. ഒരു മാളിനു വേണ്ടിയാണ് പ്രത്യേക പദവി റദ്ദാക്കിയതെങ്കിൽ നാട്ടുകാർ സ്വന്തം നിലയിൽ മാൾ പണിയുമായിരുന്നല്ലോ.
∙ കശ്മീരിലെ സമാധാനസ്ഥിതിയെക്കുറിച്ചു ബിജെപി നടത്തുന്ന അവകാശവാദങ്ങളെക്കുറിച്ച് ?
കല്ലേറു പ്രകടമായി നടക്കുന്നില്ലെന്നതു (ഒന്നുകിൽ ചെറിയ തോതിലാകാം, അല്ലെങ്കിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല) ശരിയാണ്. ആളുകളുടെ മനോഭാവത്തിൽ വന്ന മാറ്റമാണോ കിരാതവാഴ്ച നടത്തുന്ന സർക്കാരിനോടുള്ള പ്രതികരണമാണോ ഇതെന്നുകൂടി വ്യക്തമാകണം.
∙ കശ്മീരിൽ ഇന്ത്യാസഖ്യത്തിന്റെ സീറ്റ് ധാരണ ഫലം കാണാതെ പോയത് എന്തുകൊണ്ടാണ് ?
ലഡാക്ക് അടക്കം 6 സീറ്റുകളുണ്ട്. ഇതിൽ 3 എണ്ണം സിറ്റിങ് സീറ്റാണ്. എന്തിനാണിതു വിട്ടുകൊടുക്കേണ്ടതെന്നു മനസ്സിലാകുന്നില്ല. ഒന്നുകിൽ ഇന്ത്യാസഖ്യ രൂപീകരണത്തിന്റെ ലക്ഷ്യം മനസ്സിലാക്കുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു. അല്ലെങ്കിൽ ബിജെപിയെ പുറത്താക്കാനാണു സഖ്യമെന്നു ‘തെറ്റിദ്ധരിച്ചു’. ബിജെപി പ്രസക്തമല്ലാത്തിടത്തും മറ്റു കക്ഷികൾക്കു സീറ്റ് വിട്ടുകൊടുക്കേണ്ടി വരുമെന്ന് രൂപീകരണത്തിനുമുൻപ് ആരും പറഞ്ഞില്ല.
∙ അപ്പോൾ മറ്റു സീറ്റുകളിൽ ധാരണയുണ്ടാകുമോ ?
ജമ്മുവിലെ 2 സീറ്റിന്റെയും ലഡാക്ക് സീറ്റിന്റെയും കാര്യത്തിൽ കോൺഗ്രസുമായി ചർച്ച തുടരുന്നു. കശ്മീരിൽ ഞങ്ങൾക്കു പിന്തുണച്ചാൽ തിരിച്ച് ജമ്മുവിലും സഹായിക്കും. ലഡാക്കിന്റെ കാര്യത്തിൽ ലേ, കാർഗിൽ മേഖലകളിലുള്ളവരുടെ വികാരം കോൺഗ്രസ് മനസ്സിലാക്കുമെന്നു കരുതുന്നു. പ്രത്യേക പദവി റദ്ദാക്കിയതിന്റെ പ്രതികരണമായി ലഡാക്കിൽ ബിജെപിക്കെതിരെ പൊതുസ്ഥാനാർഥിയുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
∙ നിയമസഭാ തിരഞ്ഞെടുപ്പിൽസഖ്യമുണ്ടാകുമോ ?
കോൺഗ്രസ് സഖ്യത്തിനായി ഞാൻ വാതിലുകൾ തുറന്നിടുന്നു. ലോക്സഭയിലെ ആകെ 6 സീറ്റിൽ സീറ്റ് പങ്കിടൽ പ്രായോഗികമല്ല. എന്നാൽ നിയമസഭയുടെ കാര്യത്തിൽ അങ്ങനെയല്ല.
∙ നിയമസഭാ തിരഞ്ഞടുപ്പിനു ശേഷം ബിജെപിയും നാഷനൽ കോൺഫറൻസും ചേർന്നു സർക്കാരിന് എന്തെങ്കിലും സാധ്യതയുണ്ടോ ?
ഞാനതു താൽപര്യപ്പെടുന്നില്ല. അങ്ങനെയൊരു സാഹചര്യമുണ്ടാകാൻ ഇവിടത്തെ ജനങ്ങൾ അനുവദിക്കില്ല. ചിലർ കരുതുംപോലെയല്ല ഇവിടെ ബിജെപിയുടെ കാര്യം. അവർക്ക് അൽപമെങ്കിലും ആത്മവിശ്വാസമുണ്ടായിരുന്നെങ്കിൽ തിരഞ്ഞെടുപ്പു നടത്തിയേനെ.
വിശദമായ അഭിമുഖം ഈയാഴ്ചത്തെ ‘ദ് വീക്കി’ൽ