ബ്രിട്ടനിലേക്ക് 2000 ഡോക്ടർമാർക്ക് അവസരം
Mail This Article
ന്യൂഡൽഹി ∙ ബ്രിട്ടനിലെ ആരോഗ്യമേഖലയിലെ പ്രതിസന്ധിക്കു പരിഹാരം കാണാൻ ഇന്ത്യയിൽ നിന്നു 2000 ഡോക്ടർമാരെ റിക്രൂട്ട് ചെയ്യാൻ നാഷനൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) നടപടി തുടങ്ങി. ഭാഷാ പരിചയ പരീക്ഷയിൽ ഇളവു നൽകിയാണു നിയമനം. ഒരു വർഷം വരെ നീളുന്ന പരിശീലനം നൽകാൻ കോഴിക്കോട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കേന്ദ്രങ്ങളും ആരംഭിക്കുമെന്നാണു വിവരം.
തിരഞ്ഞെടുക്കപ്പെടുന്നവർക്കു സ്വകാര്യ ആശുപത്രികളുമായി ചേർന്ന് 6 –12 മാസം നീളുന്ന പരിശീലനം നൽകും. ഇതു പൂർത്തിയാക്കുന്നവർക്ക് നിലവിൽ റിക്രൂട്മെന്റിന് ആവശ്യമായ പ്രഫഷനൽ ആൻഡ് ലിംഗ്വിസ്റ്റിക് അസസ്മെന്റ് ബോർഡിന്റെ (പിഎൽഎബി) പരീക്ഷയിൽ ഇളവു നൽകും. ബ്രിട്ടനിലെ ആശുപത്രികളിൽ ഇവരെ നിയമിക്കും.
ഡൽഹി, മുംബൈ, നാഗ്പുർ, ഗുരുഗ്രാം, കോഴിക്കോട്, ബെംഗളൂരു, ചെന്നൈ, ഇൻഡോർ, മൈസൂരു എന്നീ നഗരങ്ങളിലെ പ്രധാന സ്വകാര്യ ആശുപത്രികളുമായി ചേർന്നാണ് എൻഎച്ച്എസ് പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുക.