സിക്കിം: ചതിക്ക് കണക്കുതീർക്കുമോ ?; തടയാൻ ബൂട്ടിയയുടെ കരുത്തിൽ ചാംലിങ്
Mail This Article
75% ജനങ്ങളും നേപ്പാളി വംശജരായ സിക്കിം അഞ്ചു വർഷമൊഴികെ എന്നും പ്രാദേശിക പാർട്ടികളുടെ ഭരണത്തിലായിരുന്നു. എന്നാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 1.5% മാത്രം വോട്ട് നേടിയ ബിജെപിക്ക് 32 അംഗ സഭയിൽ ഇന്നു 12 എംഎൽഎമാരുണ്ട് ! എല്ലാവരും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിൽനിന്ന് (എസ്ഡിഎഫ്) കൂറുമാറിയവർ.
കാൽനൂറ്റാണ്ട് ഭരിച്ച എസ്ഡിഎഫിനെ അട്ടിമറിച്ച് സിക്കിം ക്രാന്തികാരി മോർച്ച (എസ്കെഎം) 17 സീറ്റുമായി കഴിഞ്ഞതവണ ഭരണം പിടിച്ചു. പാർട്ടി സ്ഥാപകൻ പ്രേം തമാങ് ആണു മുഖ്യമന്ത്രി. എസ്ഡിഎഫിന്റെ 15 എംഎൽഎമാരിൽ 12 പേർ ബിജെപിയിലേക്കും 2 പേർ എസ്കെഎമ്മിലേക്കും പോയി. ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നയാളെന്ന റെക്കോർഡ് ബംഗാളിലെ ജ്യോതി ബസുവിനെ മറികടന്നു സ്വന്തമാക്കിയ പവൻകുമാർ ചാംലിങ് അങ്ങനെ എസ്ഡിഎഫിന്റെ ഏക എംഎൽഎയായി.
ഇക്കുറി ശക്തമായ തിരിച്ചുവരവിനാണ് ചാംലിങ് ശ്രമിക്കുന്നത്. മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാംപ്റ്റൻ ബൈചുങ് ബൂട്ടിയയാണ് പാർട്ടി വൈസ് പ്രസിഡന്റ്. എൻഡിഎയുടെ ഭാഗമാണെങ്കിലും ബിജെപിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ എസ്കെഎം തയാറായിരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും ധാരണയുണ്ടാക്കുമോ എന്നതും തീരുമാനമായിട്ടില്ല.