ബിഹാറിൽ ഒറ്റ സീറ്റും കിട്ടിയില്ല; കേന്ദ്രമന്ത്രി പശുപതി പാരസ് രാജിവച്ചു
Mail This Article
പട്ന ∙ ബിഹാറിലെ എൻഡിഎ സീറ്റ് വിഭജനത്തിൽ പുറന്തള്ളപ്പെട്ട പശുപതി പാരസ് കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചു. നിലവിൽ 5 എംപിമാരുള്ള രാഷ്ട്രീയ ലോക് ജനശക്തി പാർട്ടിക്ക് (ആർഎൽജെപി) ഇത്തവണ ഒരു സീറ്റ് പോലും നൽകാത്തത് അനീതിയാണെന്ന് അദ്ദേഹം ആരോപിച്ചു.
ബിഹാർ രാഷ്ട്രീയത്തിൽ തന്റെ എതിരാളിയായ ചിരാഗ് പാസ്വാനെ ഒപ്പം നിർത്താൻ ബിജെപി തീരുമാനിച്ചതാണ് പാരസിനെ ചൊടിപ്പിച്ചത്. ഹാജിപുർ അടക്കം 5 സീറ്റിൽ ആർഎൽജെപി മത്സരിച്ചേക്കും. ഇന്ത്യാസഖ്യത്തിന്റെ പിന്തുണയ്ക്കായി പാരസ് ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. അനുനയനീക്കത്തിന്റെ ഭാഗമായി ഗവർണർ പദവി നൽകാമെന്ന ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വാഗ്ദാനത്തോട് പാരസ് നിലപാടു വ്യക്തമാക്കിയിട്ടില്ല.
റാം വിലാസ് പാസ്വാന്റെ മരണശേഷം ലോക് ജനശക്തി പാർട്ടിയിലെ (എൽജെപി) പിളർപ്പിൽ ആറിൽ 5 എംപിമാരെയും ഒപ്പം നിർത്തിയാണ് സഹോദരനായ പാരസ് കേന്ദ്രമന്ത്രിയായത്. പക്ഷേ, അണികൾ റാം വിലാസിന്റെ മകൻ ചിരാഗ് പാസ്വാന്റെ എൽജെപിക്ക് (റാംവിലാസ്) ഒപ്പമാണെന്നു ബിജെപി തിരിച്ചറിഞ്ഞു. ചിരാഗിന്റെ റാലികൾ സംഘടനാശക്തിയും ജനപിന്തുണയും തെളിയിച്ചു.
എൽജെപി കക്ഷികൾ ലയിക്കണമെന്ന ബിജെപി നിർദേശം ഇരുവിഭാഗത്തിനും സ്വീകാര്യമായില്ല. ഹാജിപുർ സീറ്റിനെച്ചൊല്ലി ചിരാഗും പാരസും പരസ്യമായി വാഗ്വാദത്തിലേർപ്പെട്ടതും ബിജെപിക്കു തലവേദനയായി. എൻഡിഎ വിട്ടാൽ ചിരാഗ് പാസ്വാന് 8 സീറ്റുകൾ നൽകാമെന്ന ഇന്ത്യാസഖ്യത്തിന്റെ വാഗ്ദാനത്തിൽ ബിജെപി അപകടം മണത്തു. 5 സീറ്റുകൾ നൽകി ചിരാഗിനെ ഒപ്പം നിർത്തിയ ബിജെപി പാരസിനെ പുറന്തള്ളി.