കോൺഗ്രസ് പ്രകടന പത്രിക; ക്ഷേമപദ്ധതികൾ 5 വിഭാഗങ്ങൾക്ക്
Mail This Article
ന്യൂഡൽഹി ∙ കർണാടക, തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയം കണ്ട ക്ഷേമവാഗ്ദാന മാതൃക ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്തുടരാൻ കോൺഗ്രസ് തീരുമാനിച്ചു. മോദിയുടെ ഗാരന്റി എന്ന പേരിൽ ബിജെപി നടത്തുന്ന പ്രചാരണത്തെ ഇതുവഴി പ്രതിരോധിക്കാമെന്നാണു കണക്കുകൂട്ടൽ.
സ്ത്രീകൾ, പിന്നാക്ക വിഭാഗങ്ങൾ, കർഷകർ, യുവാക്കൾ, തൊഴിലാളികൾ എന്നീ 5 വിഭാഗങ്ങൾക്കായുള്ള വാഗ്ദാനങ്ങൾ പ്രകടനപത്രികയിൽ ഉൾപ്പെടുത്തും. ‘ന്യായപത്രം’ എന്ന പേരിലുള്ള പ്രകടനപത്രികയ്ക്ക് പ്രവർത്തകസമിതി അംഗീകാരം നൽകി. പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ അനുമതിയോടെ അടുത്തദിവസം ഒൗദ്യോഗികമായി പ്രഖ്യാപിക്കും. കോൺഗ്രസിന്റെ ഗാരന്റി എന്ന നിലയിലാണ് അവ അവതരിപ്പിക്കുക.
യുവ ന്യായ്: 30 ലക്ഷം യുവജനങ്ങൾക്ക് തൊഴിൽ, പ്രതിവർഷം ഒരു ലക്ഷം രൂപ ശമ്പളത്തോടെ അപ്രന്റിസ്ഷിപ്, പരീക്ഷാ ചോദ്യച്ചോർച്ച തടയാൻ നിയമം.
നാരീ ന്യായ് : നിർധന കുടുംബത്തിലെ സ്ത്രീക്ക് വർഷം ഒരു ലക്ഷം രൂപ, കേന്ദ്ര ജോലിയിൽ 50% സ്ത്രീസംവരണം.
കിസാൻ ന്യായ്: താങ്ങുവില നിയമം വഴി ഉറപ്പാക്കും, കർഷക കടം എഴുതിത്തള്ളും.
ശ്രമിക് ന്യായ് : തൊഴിലുറപ്പു പദ്ധതിയിൽ മിനിമം ദിവസവേതനം 400 രൂപ. മരുന്ന്, ചികിത്സ, ശസ്ത്രക്രിയ, സാന്ത്വനപരിചരണം തുടങ്ങിയവ സൗജന്യമാക്കാൻ ആരോഗ്യ അവകാശ നിയമം, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കും.
ഹിസേദാരി ന്യായ് : സാമൂഹിക– സാമ്പത്തിക– ജാതി സെൻസസ്, പട്ടികവിഭാഗ– ഒബിസി സംവരണത്തിലെ 50% പരിധി എടുത്തുകളയും.
∙ കശ്മീരിനു സംസ്ഥാന പദവിയും ലഡാക്കിനു പ്രത്യേക പദവിയും വാഗ്ദാനം ചെയ്യും.
ഗാരന്റി എന്ന വാക്ക് ആദ്യമായി രാഹുൽ ഗാന്ധി പറഞ്ഞപ്പോൾ പരിഹസിച്ച നരേന്ദ്ര മോദി ഇപ്പോൾ സ്വന്തം പേരിനൊപ്പം ആ വാക്ക് ചേർത്ത് പ്രചാരണം നടത്തുകയാണ്. മോദിയുടെ ഗാരന്റികളെല്ലാം കള്ളമാണ്. ജനങ്ങൾക്കു ഗാരന്റി നൽകുകയും നടപ്പാക്കുകയും ചെയ്ത പാർട്ടിയാണു കോൺഗ്രസ്. - കെ.സി.വേണുഗോപാൽ (കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി)