തിരഞ്ഞെടുപ്പു കൂടി ലക്ഷ്യമിട്ട് പത്തിലേറെ രാഷ്ട്രീയ സിനിമകൾ; ഗോധ്രയും കശ്മീരുമൊക്കെ പ്രമേയങ്ങൾ
Mail This Article
ന്യൂഡൽഹി ∙ ‘ഉള്ളടക്കം അറിയില്ല, പക്ഷേ, ആർട്ടിക്കിൾ 370 പ്രമേയമാക്കി ഒരു സിനിമ വരുന്നുവെന്നു കേട്ടു. നല്ല കാര്യം’– കഴിഞ്ഞ 20നു ജമ്മുവിലെ പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതാണിത്. തിരഞ്ഞെടുപ്പു കൂടി ലക്ഷ്യമിട്ട് പത്തിലേറെ രാഷ്ട്രീയ സിനിമകളാണ് റിലീസ് ചെയ്തതും ഉടൻ വരാനിരിക്കുന്നതുമായുള്ളത്. ജനഹിതത്തെ സ്വാധീനിക്കുന്നതിനു പുറമേ ചരിത്രത്തെ വളച്ചൊടിക്കുക കൂടി ചെയ്യുന്നുവെന്ന് പല സിനിമകളെപ്പറ്റിയും ആരോപണമുണ്ട്. എൻഡിഎയുടെ ‘സഖ്യകക്ഷി’യായി സിനിമ മാറിയെന്നും വിമർശനമുണ്ട്. മഹാത്മാഗാന്ധിയെയും ജെഎൻയു പോലുള്ള പ്രമുഖ സർവകലാശാലകളെയും പോലും ഈ ചിത്രങ്ങൾ ആക്രമിക്കുന്നു.
∙ ആർട്ടിക്കിൾ 370: 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള റിലീസിലൂടെ ബിജെപിക്കു ഗുണകരമായ ‘ഉറി– ദ് സർജിക്കൽ സ്ട്രൈക്കി’ന്റെ സംവിധായകൻ ആദിത്യ ധറാണ് രചനയും നിർമാണവും. ഫെബ്രുവരി 23നു റിലീസ് ചെയ്തു.
∙ സ്വതന്ത്ര വീർ സവർക്കർ: ഹിന്ദുമഹാസഭ നേതാവായിരുന്ന വി.ഡി.സവർക്കറുടെ ജീവിതം പറയുന്ന ചിത്രം 22നു തിയറ്ററുകളിലെത്തും. സംവിധാനം മഹേഷ് വി.മഞ്ജരേക്കർ. ചിത്രത്തിൽ ഗാന്ധിജിയെക്കുറിച്ച് എന്തു പറയുന്നുവെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
∙ ആക്സിഡന്റ് ഓർ കോൺസ്പിരസി: ഗോധ്ര: 2002 ലെ ഗോധ്ര ട്രെയിൻ തീവയ്പിനു പിന്നിൽ പല ഗൂഢാലോചനകളുമുണ്ടായിരുന്നു എന്ന വാദമുയർത്തുന്ന സിനിമ ഈ മാസമാദ്യം റിലീസ് ചെയ്തു.
∙ ദ് സബർമതി റിപ്പോർട്ട്: പ്രമേയം ഗോധ്ര തന്നെ. മേയ് മൂന്നിനു തിയറ്ററുകളിലെത്തും.
∙ ബസ്തർ: എ നക്സൽ സ്റ്റോറി: കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത ചിത്രം വിവാദമായി. നക്സൽ അതിക്രമത്തിൽ സുരക്ഷാ സേനാംഗങ്ങൾ കൊല്ലപ്പെട്ടതു ഡൽഹി ജെഎൻയുവിലെ വിദ്യാർഥികൾ ആഘോഷമാക്കിയെന്ന പരാമർശമാണു കാരണം.
∙ ജെഎൻയു: ജഹാംഗീർ നാഷനൽ യൂണിവേഴ്സിറ്റി: അടുത്ത മാസം 5നു റിലീസ് ചെയ്യുന്ന ഈ സിനിമയും തങ്ങൾക്കെതിരാണെന്നു ജെഎൻയു വിദ്യാർഥികൾ ആരോപിക്കുന്നു.
മറ്റു പാർട്ടികളിൽ ആന്ധ്രയിലെ വൈഎസ്ആർ കോൺഗ്രസാണ് സിനിമയെ ഉപയോഗിക്കുന്നത്. ആന്ധ്ര മുൻ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ജീവിതകഥ പറയുന്ന ‘യാത്ര’യുടെ രണ്ടാം ഭാഗം കഴിഞ്ഞ മാസം 8നു തിയേറ്ററുകളിലെത്തി. മമ്മൂട്ടി നായകനായ ‘യാത്ര’യുടെ ആദ്യ ഭാഗം 2019 ലെ തിരഞ്ഞെടുപ്പിന് മുൻപായിരുന്നു.