തിരഞ്ഞെടുപ്പ് പൂർത്തിയാകാൻ 80 ദിവസം, നീണ്ട പ്രചാരണ കാലയളവ്; പാർട്ടികൾക്ക് വേണം പണം
Mail This Article
ന്യൂഡൽഹി ∙ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നടന്ന് 46–ാം ദിവസമാണ് വോട്ടെണ്ണൽ. തീയതി പ്രഖ്യാപനം മുതൽ തിരഞ്ഞെടുപ്പു പ്രക്രിയ പൂർത്തിയാകുന്നതുവരെ 80 ദിവസം. ചരിത്രത്തിലെ രണ്ടാമത്തെ നീണ്ട തിരഞ്ഞെടുപ്പു കാലയളവാണ് ഇത്തവണത്തേത്. 1951–52 ൽ ആയിരുന്നു ഏറ്റവും കൂടുതൽ ദൈർഘ്യം – ഏകദേശം 4 മാസം.
Read Also: കേരളത്തിൽ 264 കോടി ഹവാല: അക്കൗണ്ട് ഉടമയ്ക്ക് 10 ലക്ഷത്തിന് 20,000 രൂപ, ആ ബോട്ട് വന്നതെന്തിന്?...
കാലാവസ്ഥ, സുരക്ഷാ സേനകളുടെ വിന്യാസത്തിനുള്ള സമയം, ഉത്സവങ്ങൾ, പരീക്ഷകൾ തുടങ്ങിയവയാണ് കാലയളവ് നീളാൻ പറയുന്ന കാരണം. കഴിഞ്ഞതവണ ആദ്യ ഘട്ട വോട്ടെടുപ്പും വോട്ടെണ്ണലുമായുള്ള അകലം 39 ദിവസമായിരുന്നു; 2014 ൽ 36 ദിവസം; 2009ൽ ഒരു മാസം; 2004 ൽ 21 ദിവസം. 1962 മുതൽ 1989 വരെയാകട്ടെ ഇത് 4 മുതൽ 10 വരെ ദിവസം മാത്രമായിരുന്നു.
ഇക്കുറി നീണ്ട കാലയളവിലെ പ്രചാരണത്തിനു വേണ്ട ഊർജവും പണവും പാർട്ടികൾക്കു പ്രശ്നമാവും. കൂടുതൽ പണമുള്ള പാർട്ടികൾക്ക് മേൽക്കൈ ലഭിക്കും.
വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ് ഒഴിവാക്കണമെന്നു കോൺഗ്രസും മുസ്‌ലിം ലീഗും മറ്റും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 2 പൊതു തിരഞ്ഞെടുപ്പുകളിലും വെള്ളിയാഴ്ചകളിൽ വോട്ടെടുപ്പു നടന്നിട്ടില്ല. കേരളത്തിൽ ആദ്യമാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ വെള്ളിയാഴ്ച വോട്ടെടുപ്പ്. 3 ദിവസം അടുപ്പിച്ച് അവധി ലഭിക്കുമെന്നതിനാൽ പോളിങ് കുറയാനുള്ള സാധ്യത കാരണമാണ് കഴിവതും വെള്ളിയും തിങ്കളും ഒഴിവാക്കുന്നതെന്നു കമ്മിഷൻ വൃത്തങ്ങൾ പറഞ്ഞു. എന്നാൽ, 2014 ലും 2019 ലും 2 തിങ്കളാഴ്ചകളിൽ വീതം വോട്ടെടുപ്പു നടന്നിട്ടുണ്ട്.
ഇത്തവണ ആദ്യ 2 ഘട്ടങ്ങളിലാണ് വെള്ളിയാഴ്ച വോട്ടെടുപ്പ്. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം കഴിഞ്ഞ് 14–ാം ദിവസം വോട്ടെടുപ്പ് നടത്താമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥയെങ്കിലും ഇത്തവണ ആദ്യ ഘട്ടത്തിൽ 17–ാം ദിവസവും കേരളമുൾപ്പെടുന്ന രണ്ടാം ഘട്ടത്തിൽ 18–ാം ദിവസവുമാണു വോട്ടെടുപ്പ്. തുടർന്നുള്ള 2 ഘട്ടങ്ങളിൽ 14–ാം ദിവസവും രണ്ടെണ്ണത്തിൽ 15–ാം ദിവസവും ഒരു ഘട്ടത്തിൽ 16–ാം ദിവസവും.