ബംഗാൾ: വിട്ടുവീഴ്ച വേണമെന്ന് സിപിഎം; പറ്റില്ലെന്ന് ഘടകകക്ഷികൾ
Mail This Article
കൊൽക്കത്ത ∙ ബംഗാളിൽ ഇടത് സഖ്യവും കോൺഗ്രസും ഇന്ത്യൻ സെക്കുലർ ഫ്രണ്ടും തമ്മിലുള്ള സീറ്റ് ചർച്ച തുടരുന്നു. സിപിഐ, ആർഎസ്പി, ഫോർവേഡ് ബ്ലോക്ക് എന്നിവർ വിട്ടുവീഴ്ചയ്ക്ക് തയാറാകാത്തത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞതവണ ഈ പാർട്ടികൾക്ക് ലഭിച്ച 3 വീതം സീറ്റുകളിൽ ഓരോന്നുവീതം വിട്ടുനൽകണമെന്നാണ് സിപിഎം ആവശ്യം.
കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ സിപിഎം ആണ് മുൻകൈയെടുക്കുന്നത്. 17 സ്ഥാനാർഥികളെ പ്രഖ്യാപിച്ച ഇടതുമുന്നണി കോൺഗ്രസിന്റെ തീരുമാനം കാത്ത് മറ്റു മണ്ഡലങ്ങളിലെ പ്രഖ്യാപനം വൈകിപ്പിച്ചിരിക്കുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം ഡൽഹിയിലെത്തി ചർച്ച നടത്തിയെങ്കിലും സംസ്ഥാനതലത്തിൽ ധാരണയുണ്ടാക്കാനാണ് നിർദേശം. 14 സീറ്റാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. 12 സീറ്റ് നൽകിയേക്കും.
മുസ്‌ലിം മതപണ്ഡിതനായ അബ്ബാസ് സിദ്ദിഖി സ്ഥാപിച്ച ഇന്ത്യൻ സെക്കുലർ ഫ്രണ്ടിന് 6 സീറ്റ് നൽകും. ഫ്രണ്ടിന്റെ നേതാവ് നൗഷാദ് സിദ്ദിഖി ഡയമണ്ട് ഹാർബറിൽ തൃണമൂൽ കോൺഗ്രസിലെ രണ്ടാമനും മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജിക്കെതിരേ മത്സരിക്കും.
ബംഗാൾ നിയമസഭയിൽ ബിജെപി അല്ലാത്ത ഏക പ്രതിപക്ഷ എംഎൽഎയാണ് സിദ്ദിഖി.
ത്രിപുരയിൽ കോൺഗ്രസ്– സിപിഎം സഖ്യം
കൊൽക്കത്ത ∙ ത്രിപുരയിൽ 2 ലോക്സഭാ മണ്ഡലങ്ങളിൽ ഓരോന്നിൽ സിപിഎമ്മും കോൺഗ്രസും മത്സരിക്കാൻ ധാരണ. ഒന്നിച്ചാകും പ്രചാരണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി പറഞ്ഞു.
ത്രിപുര ഈസ്റ്റിൽ മുതിർന്ന സിപിഎം നേതാവും മുൻ എംഎൽഎയുമായ രാജേന്ദ്ര റിയാങ് മത്സരിക്കും. ത്രിപുര വെസ്റ്റിൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ആശിഷ് കുമാർ സാഹയാണ് സ്ഥാനാർഥി. രാംനഗർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സിപിഎം മുൻ എംഎൽഎ രത്തൻ ദാസ് മത്സരിക്കും.