‘ഹാജരാകുന്നതിന് എന്താണു തടസ്സം’: കേജ്രിവാളിനോട് ഡൽഹി ഹൈക്കോടതി
Mail This Article
ന്യൂഡൽഹി ∙ മദ്യനയ അഴിമതിക്കേസിൽ ഇ.ഡിയുടെ സമൻസിൽ എന്തുകൊണ്ടു ഹാജരാകുന്നില്ലെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനോടു ഡൽഹി ഹൈക്കോടതി തിരക്കി. സമൻസ് ചോദ്യം ചെയ്തു കേജ്‌രിവാൾ നൽകിയ ഹർജി പരിഗണിച്ചപ്പോഴാണ് ജസ്റ്റിസ് സുരേഷ് കുമാർ കൈത് അധ്യക്ഷനായ ബെഞ്ചിന്റെ ചോദ്യം. ഹർജിയിൽ ഇ.ഡിയുടെ നിലപാടു തേടിയ കോടതി വിഷയം ഏപ്രിൽ 22 ന് മാറ്റി.
ചോദ്യം ചെയ്യുന്നതിന് ഇന്നു ഹാജരാകാൻ നിർദേശിച്ച് ഇ.ഡി കഴിഞ്ഞ ദിവസം 9–ാമത്തെ സമൻസ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണു നോട്ടിസിന്റെ നിയമസാധുത ചോദ്യം ചെയ്ത് ഹർജി നൽകിയത്. ‘എന്തുകൊണ്ടു നിങ്ങൾക്കു ഹാജരായിക്കൂടാ? എന്താണ് നിങ്ങളെ തടയുന്നത്’ എന്നു കോടതി ആരാഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിലാണു ഇ.ഡി ആദ്യ സമൻസ് നൽകിയതെന്നു നിരീക്ഷിച്ച കോടതി എഎപി നേതാവ് രാജ്യത്തെ പൗരൻ ആണെന്ന് ഓർക്കണമെന്നും പറഞ്ഞു.
ചോദ്യം ചെയ്യലിനു ഹാജരാകുന്നതിൽ തടസ്സമില്ലെന്നും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിൽ നിന്നു സംരക്ഷണം വേണമെന്നും കേജ്‌രിവാളിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്‌വി പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അന്വേഷണ ഏജൻസിയുടെ ലക്ഷ്യം വ്യക്തമാണെന്നും അദ്ദേഹം വാദിച്ചു.
ആദ്യത്തെയോ രണ്ടാമത്തെയോ ദിവസം അറസ്റ്റ് ചെയ്യുകയല്ല അന്വേഷണ ഏജൻസികളുടെ രീതിയെന്നും വിവരങ്ങൾ രേഖപ്പെടുത്തുകയാണു ചെയ്യുകയെന്നും കോടതി വിശദീകരിച്ചു. എന്നാൽ, എഎപി നേതാക്കളായ സഞ്ജയ് സിങ്, മനീഷ് സിസോദിയ എന്നിവരുടെ അറസ്റ്റിന്റെ വിവരങ്ങൾ പരാമർശിച്ച സിങ്‌വി അന്വേഷണ ഏജൻസികൾ പുതിയ സ്റ്റൈലിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്നു പ്രതികരിച്ചു.