വരുൺ ഗാന്ധി കളം മാറുമോ ?; സ്വതന്ത്രനായാൽ ഇന്ത്യാസഖ്യം പിന്തുണച്ചേക്കും
Mail This Article
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിലാണു പശ്ചിമ യുപിയിലെ പിലിബിത്. ആദ്യ ഘട്ടത്തിലെ 8 മണ്ഡലങ്ങളിൽ ഏഴിലും ബിജെപി സഖ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ചുവെങ്കിലും പിലിബിത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ബിജെപിയുടെ സിറ്റിങ് എംപി വരുൺ ഗാന്ധിക്കു സീറ്റ് അനുവദിക്കുമോ എന്നു പ്രതിപക്ഷവും കാത്തിരിക്കുന്നു. ബിജെപിയുടെ തീരുമാനം അനുസരിച്ചാകും എസ്പിയുടെ സ്ഥാനാർഥി പ്രഖ്യാപനം.
വരുണിനു സീറ്റ് നൽകുന്നതിനെ സംസ്ഥാന ബിജെപി നേതാക്കൾ എതിർത്തിരുന്നു. വരുണിനോ മേനകയ്ക്കോ ഒരാൾക്കു മാത്രം അവസരം നൽകിയാൽ മതിയെന്നാണു സംസ്ഥാന നേതാക്കൾ നൽകിയ ഒരു നിർദേശം. കോൺഗ്രസിൽ നിന്നു ബിജെപിയിലെത്തിയ നിലവിലെ സംസ്ഥാന മന്ത്രി ജിതിൻ പ്രസാദയെ പിലിബിത്തിൽ പരിഗണിക്കുന്നതായും സൂചനയുണ്ട്. ബിജെപി ഒഴിവാക്കിയാൽ മണ്ഡലത്തിൽ നിന്നു വരുൺ സ്വതന്ത്രനായി മത്സരിക്കുമെന്നാണ് അനുയായികൾ നൽകുന്ന സൂചന. വരുണിന്റെ വിശ്വസ്തൻ പിലിബിത്തിലെത്തി നാമനിർദേശ പത്രിക വാങ്ങിയിട്ടുമുണ്ട്. ഈ സാഹചര്യം വന്നാൽ അദ്ദേഹത്തെ എസ്പി–കോൺഗ്രസ് സഖ്യം പിന്തുണച്ചേക്കും.
പശ്ചിമ യുപിയിലെ സഹറൻപുർ, കൈരാന, മുസാഫർനഗർ, ബിജ്നോർ, നഗിന, മൊറാദാബാദ്, റാംപുർ, പിലിബിത്ത് എന്നിവിടങ്ങളിലാണു യുപിയിൽ ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുപ്പ്. 2019 ലെ തിരഞ്ഞെടുപ്പിൽ എസ്പി–ബിഎസ്പി സഖ്യത്തിനായിരുന്നു ഇതിൽ 5 സീറ്റുകളും.
കൈരാന, മുസാഫർനഗർ, ഉപതിരഞ്ഞെടുപ്പിലൂടെ പിടിച്ചെടുത്ത റാംപുർ എന്നിവിടങ്ങളിൽ സിറ്റിങ് എംപിമാരെത്തന്നെ ഇക്കുറിയും ബിജെപി നിയോഗിച്ചു കഴിഞ്ഞു. പിലിബിത്ത് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ഇന്നോ നാളെയോ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നാണു പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ഉൾപ്പെട്ട ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ ഗോണ്ട മണ്ഡലത്തിൽ നിന്ന് ബിജെപി ഒഴിവാക്കുമെന്നും സൂചനയുണ്ട്. എന്നാൽ അയോധ്യ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഏറെ സ്വാധീനമുള്ള ബ്രിജ് ഭൂഷണിനെ ഒഴിവാക്കിയാൽ തിരിച്ചടിയാകുമെന്ന ആശങ്കയും നേതാക്കളിൽ ചിലർക്കുണ്ട്.