ADVERTISEMENT

ന്യൂഡൽഹി ∙ ഏറെ നാളായി പുകഞ്ഞു കത്തിക്കൊണ്ടിരുന്ന ഡൽഹി മദ്യനയ അഴിമതിക്കേസ് ഇന്നലെ 7 മണിയോടെ ആളിക്കത്തി. മുഖ്യമന്ത്രി അരവിന്ദ് ‍‍കേജ്‌രിവാളിന്റെ സിവിൽ ലെയ്ൻസിലെ വീടിനു മുന്നിൽ ഡൽഹി പൊലീസിന്റെയും റാപ്പിഡ് ആക്‌ഷൻ ഫോഴ്സ്, സിആർപിഎഫ് അർധസൈനിക വിഭാഗങ്ങളുടെയും വലിയ സംഘം നിലയുറപ്പിച്ചു. ആകാശ നിരീക്ഷണത്തിനു ഡ്രോണുകൾ പറന്നു. മുഖ്യമന്ത്രിയുടെ വീട്ടിലേക്കുള്ള റോഡ് ഇരുവശത്തു നിന്നും അടച്ച് ബാരിക്കേഡുകൾ നിരത്തി. പരിസരത്തു നിരോധനാജ്ഞ പ്രഖ്യാപിച്ചു. അതിനിടെ ഇ.ഡി ഉദ്യോഗസ്ഥർ വീടിനകത്തേക്കു കയറി.

കേജ്‌രിവാളിന്റെ കുടുംബാംഗങ്ങളുടെ ഫോണുകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്ത ശേഷമായിരുന്നു ചോദ്യം ചെയ്യൽ ആരംഭിച്ചത്. അറസ്റ്റ് തടയാൻ കേജ്‌രിവാളിന്റെ നിയമോപദേശകർ സുപ്രീം കോടതിയിലേക്കു നീങ്ങി. മന്ത്രിമാരായ സൗരഭ് ഭരദ്വാജും അതിഷിയും സ്പീക്കർ റാം നിവാസ് ഗോയലും മേയർ ഷെല്ലി ഒബ്റോയിയും സ്ഥലത്തെത്തി. രാത്രി 8ന് കേജ്‌രിവാളിനു പിന്തുണ പ്രഖ്യാപിച്ച് എക്സിൽ ആം ആദ്മി പാർട്ടി ‘മിസ്റ്റർ മോദി, കേജ്‌രിവാൾ ഒരു തികഞ്ഞ രാജ്യസ്നേഹിയാണ്. നിങ്ങളെയും നിങ്ങളുടെ ചെറിയ കൂട്ടത്തെയും കണ്ടു പേടിക്കില്ല' എന്നു പോസ്റ്റ് ചെയ്തു. കേജ‌്‍രിവാൾ ജയിലിലിരുന്ന് ഡൽഹി ഭരിക്കുമെന്ന് മന്ത്രിമാർ ആവർത്തിച്ചു പറഞ്ഞു.

ഇ.ഡി ജോയിന്റ് ഡയറക്ടർ കപിൽ രാജിന്റെ നേതൃത്വത്തിൽ 12 അംഗ സംഘം കേജ്‌രിവാളിനെ വീട്ടിൽ ചോദ്യം ചെയ്യുന്നതു തുടർന്നു. അതിനിടെ മാധ്യമങ്ങൾക്കു മുന്നിലെത്തിയ മന്ത്രി അതിഷി ഡൽഹിയിലെ ജനങ്ങൾ സഹോദരനെപ്പോലെയാണു കേജ‍്‌രിവാളിനെ കാണുന്നതെന്നും അവരുടെ വികസനത്തിനു വേണ്ടി അദ്ദേഹം ഒരുപാടു  കാര്യങ്ങൾ ചെയ്തെന്നും പറഞ്ഞു.

കേജ്‌രിവാളിനെ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായതോടെ ഒട്ടേറെ ആം ആദ്മി പാർട്ടി പ്രവർത്തകരും സ്ഥലത്തെത്തി. റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. രാത്രിയും സ്ഥലത്തേക്കു കൂടുതൽ പ്രവർത്തകരെത്തി. മുഖ്യമന്ത്രിയുടെ വീടിനു പിന്നിലുള്ള റോഡ് പ്രവർത്തകർ ഉപരോധിച്ചു. 9.11 ആയതോടെ കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തെന്ന വിവരം അതിഷി സ്ഥിരീകരിച്ചു. ഉടൻ തന്നെ ഇ.ഡിയുടെ ഓഫിസ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. 

∙ പ്രതിപക്ഷ പാർട്ടികളെ പിളർത്തുകയും കമ്പനികളിൽനിന്നു പണം പിടിച്ചുപറിക്കുകയും മുഖ്യ പ്രതിപക്ഷകക്ഷിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തിട്ടു മതിയാകാതെ ഇപ്പോൾ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തിരിക്കുന്നു. ഇതിനെല്ലാം ഇന്ത്യാസഖ്യം മുഖമടച്ചു മറുപടി നൽകും. - രാഹുൽ ഗാന്ധി

∙ കേജ്‌രിവാളിന്റെ അറസ്റ്റ് ഭരണഘടന വിരുദ്ധമാണ്. രാഷ്ട്രീയ നിലവാരമില്ലാത്ത ഈ നടപടി മോദിക്കോ സർക്കാരിനോ ചേർന്നതല്ല. – പ്രിയങ്ക ഗാന്ധി 

English Summary:

Arvind Kejriwal's dramatic arrest after announcing the ban

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com