അശോക് ചവാൻ കരഞ്ഞുപറഞ്ഞു, ‘ക്ഷമിക്കണം; ഞാൻ ബിജെപിയിൽ പോകും’: പി.സി വിഷ്ണുനാഥ്
Mail This Article
കൊല്ലം ∙ ‘എന്നോടു ക്ഷമിക്കണം. ഞാൻ നാളെ പാർട്ടി വിട്ട് ബിജെപിയിൽ പോകും. ഇല്ലെങ്കിൽ മറ്റന്നാൾ അവർ എന്നെ ജയിലിലാക്കും’ – ബിജെപിയിൽ ചേരുന്നതിനു തലേന്ന് രമേശ് ചെന്നിത്തലയെ വിളിച്ച് മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് േനതാവ് അശോക് ചവാൻ വാവിട്ടു കരഞ്ഞെന്ന വെളിപ്പെടുത്തലുമായി എഐസിസി സെക്രട്ടറി പി.സി വിഷ്ണുനാഥ് എംഎൽഎ.
‘അശോക് ചവാൻ പാർട്ടി വിടുന്ന സമയത്തു കേരളത്തിൽ നിയമസഭാ സമ്മേളനം നടക്കുകയായിരുന്നു. പാർട്ടിയിൽ മഹാരാഷ്ട്രയുടെ ചുമതലയുള്ള രമേശ് ചെന്നിത്തല അപ്പോൾ സഭയിലുണ്ട്. ഞാൻ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന്ചവാൻ പാർട്ടി വിടുന്നുവെന്ന വാർത്ത കാണിച്ചു കൊടുത്തു. ചവാൻ തന്നെ വിളിച്ചു വാവിട്ടു കരഞ്ഞ കാര്യം രമേശ് ചെന്നിത്തല എന്നോടു പറഞ്ഞു’– കൊട്ടാരക്കരയിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു വിഷ്ണുനാഥ് പറഞ്ഞു. മഹാരാഷ്ട്രയിലെ മുതിർന്ന നേതാവ് തന്റെ അമ്മയോടു കരഞ്ഞു പറഞ്ഞ ശേഷമാണ് കോൺഗ്രസ് വിട്ടതെന്ന് അശോക് ചവാന്റെ പേരു പറയാതെ രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. അറസ്റ്റ് ഭീഷണിയുണ്ടെന്നും ജയിലിൽ പോകാൻ ഇനി വയ്യെന്നും അദ്ദേഹം പറഞ്ഞെന്നായിരുന്നു മുംബൈയിൽ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന ചടങ്ങിൽ രാഹുലിന്റെ വെളിപ്പെടുത്തൽ.