തിരഞ്ഞെടുപ്പു കമ്മിഷണർ നിയമനസമിതി; വിവാദനിയമത്തിന് സ്റ്റേ ഇല്ല
Mail This Article
ന്യൂഡൽഹി ∙രാജ്യത്തു തിരഞ്ഞെടുപ്പു കമ്മിഷണർമാരെ നിയമിക്കാനുള്ള സമിതിയിൽനിന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയ വിവാദ നിയമം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ലോക്സഭാ തിരഞ്ഞെടുപ്പിനുമുൻപു നിയമം സ്റ്റേ ചെയ്യുന്നതു സ്ഥിതി അലങ്കോലമാക്കുമെന്നും അനിശ്ചിതാവസ്ഥ സൃഷ്ടിക്കുമെന്നും പറഞ്ഞ കോടതി, ലോക്സഭയിലെ പ്രധാന പ്രതിപക്ഷ കക്ഷിയുടെ നേതാവു കൂടി അംഗമായ സമിതിയാണു നിയമനം നടത്തിയതെന്നും ചൂണ്ടിക്കാട്ടി. സർക്കാർ നിയന്ത്രണത്തിലാണു തിരഞ്ഞെടുപ്പു കമ്മിഷനെന്ന ഹർജിക്കാരുടെ വാദം ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് അംഗീകരിച്ചില്ല.
പാർലമെന്റ് പുതിയ നിയമം പാസാക്കുന്നതു വരെയുള്ള താൽക്കാലിക സംവിധാനമെന്ന നിലയിലാണു ചീഫ് ജസ്റ്റിസ് കൂടി ഉൾപ്പെട്ട സമിതിയെ നിർദേശിച്ചതെന്ന സർക്കാർ വാദം ബെഞ്ച് അംഗീകരിച്ചു. ഇടക്കാല ഉത്തരവു പുറപ്പെടുവിക്കുമെന്ന് അറിയിച്ച കോടതി, ഹർജികൾ പൂർണമായും തള്ളിയില്ല. 6 ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ ആവശ്യപ്പെട്ടു കേന്ദ്ര സർക്കാരിനു നോട്ടിസയച്ചു.
സർക്കാർ ധൃതിപിടിച്ചെന്ന ഹർജിക്കാരുടെ വാദം ശരിയല്ലെന്നും കമ്മിഷണർമാരുടെ നിയമന നടപടി ഫെബ്രുവരിയിൽ തുടങ്ങിയതാണെന്നും സർക്കാർ വാദിച്ചു. ജനുവരിയിൽ ഹർജികൾ പരിഗണിച്ചപ്പോഴും സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിച്ചിരുന്നു. തിരഞ്ഞെടുപ്പു കമ്മിഷണറായിരുന്ന അരുൺ ഗോയൽ രാജിവച്ച സാഹചര്യത്തിലാണു ഹർജിക്കാർ അടിയന്തരവാദം ആവശ്യപ്പെട്ടത്. ഇതിനിടെ, സമിതി യോഗം ചേരുകയും ഗ്യാനേഷ് കുമാർ, എസ്.എസ്. സന്ധു എന്നിവരെ കമ്മിഷണർമാരാക്കുകയും ചെയ്തു.
കേരള സർക്കാരിന്റെ പ്രഫഷനൽ കോളജ്സ് ഓർഡിനൻസ് സുപ്രീം കോടതി സ്റ്റേ ചെയ്തത് അഭിഭാഷകനായ വികാസ് സിങ്ങും കർഷക നിയമങ്ങൾ സ്റ്റേ ചെയ്തത് അഭിഭാഷകനായ കാളീശ്വരം രാജും ഇന്നലെ വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു.
കോടതിക്കു മുന്നിലെ വിഷയം
കമ്മിഷണർമാരെ തിരഞ്ഞെടുക്കുന്നതിനു പാർലമെന്റ് നിയമം പാസാക്കുംവരെ ഇതിനുള്ള സമിതിയിൽ പ്രധാനമന്ത്രിക്കും ലോക്സഭയിലെ മുഖ്യപ്രതിപക്ഷ കക്ഷി നേതാവിനും പുറമേ ചീഫ് ജസ്റ്റിസ് കൂടി വേണമെന്നു അനൂപ് ബരൻവാൽ കേസിൽ (2023) സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ, സർക്കാർ നിയമം കൊണ്ടുവന്നപ്പോൾ സമിതിയിൽനിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി, പകരം പ്രധാനമന്ത്രി നിർദേശിക്കുന്ന കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്തി. ഇതു സമിതിയുടെ നിഷ്പക്ഷത ഇല്ലാതാക്കുമെന്നും കോടതി ഉത്തരവിനു വിരുദ്ധമായി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതാണെന്നും ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് ജയ ഠാക്കൂർ, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്നിവരാണു സുപ്രീം കോടതിയെ സമീപിച്ചത്.
‘കേന്ദ്ര സർക്കാർ തിടുക്കം കാട്ടി’
∙ പേരുകൾ 6 ആയി ചുരുങ്ങിയത് എങ്ങനെയെന്ന് സുപ്രീം കോടതിയുടെ ചോദ്യം
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടു മുൻപു തിരഞ്ഞെടുപ്പു കമ്മിഷനിലേക്ക് 2 കമ്മിഷണർമാരെ നിയമിച്ചതിനു സ്വീകരിച്ച നടപടിക്രമത്തിൽ കേന്ദ്ര സർക്കാർ തിടുക്കം കാട്ടിയെന്നു സുപ്രീം കോടതി വാക്കാൽ വിമർശിച്ചു. മതിയായ സമയമെടുത്തു വേണമായിരുന്നു നിയമനം നടത്തേണ്ടിയിരുന്നതെന്നും ചൂണ്ടിക്കാട്ടി. നിയമനസമിതിയുടെ ഘടന ചോദ്യം ചെയ്തുള്ള ഹർജിയിലെ സ്റ്റേ ആവശ്യം പരിഗണിക്കുന്നതിനിടെയാണു വിമർശനം.
2 മണിക്കൂർ കൊണ്ട് 200 പേരുകൾ 6 എണ്ണമാക്കി ചുരുക്കിയാണു നിയമന സമിതിയുടെ മുന്നിലെത്തിയത്. ഇത്ര പെട്ടെന്നു ചുരുക്കപ്പട്ടിക എങ്ങനെ തയാറായെന്നു കോടതി ചോദിച്ചു. സമിതി അംഗമായിരുന്ന കോൺഗ്രസ് ലോക്‌സഭാകക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി നൽകിയ കത്തും ഹർജിക്കാർ പരാമർശിച്ചു.
എന്നാൽ, ഈ ഉദ്യോഗസ്ഥരെക്കുറിച്ചു സമിതി അംഗങ്ങൾക്ക് അറിവുണ്ടായിരുന്നുവെന്നും വിവിധ പാർട്ടികളുടെ ഭരണകാലത്തെ പ്രവർത്തിച്ചവരാണെന്നും കേന്ദ്ര സർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ ന്യായവാദം ഉന്നയിച്ചു. പുതിയ അംഗങ്ങളുടെ മികവിനെക്കുറിച്ചു സർക്കാർ പറഞ്ഞപ്പോൾ അതു തർക്കവിഷയമല്ലെന്നു കോടതി പ്രതികരിച്ചു.
നേരത്തേയുണ്ടായിരുന്ന ഒഴിവിലേക്ക് 5 പേരുകൾ നൽകിയ സർക്കാർ, അരുൺ ഗോയലിന്റെ രാജിയോടെ രൂപപ്പെട്ട ഒഴിവിലേക്ക് ഒരു പേരു കൂടി ചേർത്താണു നൽകിയത്. ചുരുക്കപ്പട്ടികയിൽ 10 പേരുകൾ നൽകാതിരുന്നത് എന്തുകൊണ്ടാണെന്നു കോടതി ചോദിച്ചു. സർക്കാരിന്റെ ഭാഗത്തു നിന്ന് അശ്രദ്ധയുണ്ടായെന്നും 2–3 ദിവസത്തെ സാവകാശം നൽകി ഇതൊഴിവാക്കാൻ കഴിയുമായിരുന്നുവെന്നും പറഞ്ഞു. പേരുകൾ സമിതിയിലെ എല്ലാ അംഗങ്ങൾക്കും ഒരുപോലെ പരിശോധിക്കാൻ അവസരം നൽകേണ്ടതായിരുന്നു.