‘അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രശ്നം’: വാർത്താപരിശോധന കോടതി തടഞ്ഞു
Mail This Article
ന്യൂഡൽഹി ∙ ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകളിലെ വാർത്തകളടക്കമുള്ള ഉള്ളടക്കത്തിന്റെ വസ്തുതാപരിശോധനയ്ക്കായി കേന്ദ്ര സർക്കാർ തിരക്കിട്ടിറക്കിയ വിവാദ വിജ്ഞാപനം 24 മണിക്കൂർ തികയുംമുൻപ് സുപ്രീം കോടതി സ്റ്റേ ചെയ്തു. തിരഞ്ഞെടുപ്പു കാലത്ത് ഡിജിറ്റൽ ഇടങ്ങളിൽ സർക്കാർ സെൻസർഷിപ്പിനു വഴിവയ്ക്കുമായിരുന്ന കേന്ദ്രനീക്കമാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തടഞ്ഞത്.
ബോംബെ ഹൈക്കോടതിയിൽ ഇതുമായി ബന്ധപ്പെട്ട കേസിൽ അന്തിമവിധിയുണ്ടാകുംവരെയാണ് സ്റ്റേ. ഏപ്രിൽ 15ന് ആണ് ഹൈക്കോടതി ഇനി കേസ് പരിഗണിക്കുന്നത്. ഗൗരവമുള്ള ഭരണഘടനപരമായ ചോദ്യങ്ങൾ ഹർജികളിലുണ്ടെന്നു സുപ്രീം കോടതി നിരീക്ഷിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തെ ഇതെങ്ങനെ സ്വാധീനിക്കുമെന്നു പരിശോധിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.
വസ്തുതാപരിശോധനയ്ക്കെതിരായ ഹർജികൾ സുപ്രീം കോടതി ഇന്നലെ പരിഗണിക്കാനിരിക്കെയാണ്, ഇതിനുള്ള ചുമതല പ്രസ് ഇൻഫർമേഷൻ ബ്യൂറോയ്ക്ക് (പിഐബി) നൽകി കേന്ദ്ര ഐടി മന്ത്രാലയം തലേന്നു വൈകിട്ട് വിജ്ഞാപനമിറക്കിയത്.
പിഐബി വ്യാജമെന്നു മുദ്രകുത്തുന്ന ഉള്ളടക്കം സമൂഹമാധ്യമങ്ങളടക്കം നീക്കം ചെയ്യേണ്ടിവരുന്ന തരത്തിലായിരുന്നു വിജ്ഞാപനം. വ്യക്തികളെഴുതുന്ന പോസ്റ്റുകൾ, വിഡിയോകൾ തുടങ്ങിയവയെല്ലാം പരിധിയിൽ വരുമായിരുന്നു. എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയും സ്റ്റാൻഡപ് കൊമീഡിയൻ കുനാൽ കമ്രയുമാണ് ഹർജിക്കാർ.
മോദിയുടെ സന്ദേശം കമ്മിഷൻ തടഞ്ഞു
ന്യൂഡൽഹി ∙ വാട്സാപ് വഴി ഇന്ത്യയിലും പുറത്തുമുള്ളവർക്കു പ്രധാനമന്ത്രിയുടേതായി കേന്ദ്രസർക്കാർ അയയ്ക്കുന്ന ‘വികസിത് ഭാരത്’ മെസേജുകൾ നിർത്തിവയ്ക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ ഉത്തരവിട്ടു. പെരുമാറ്റച്ചട്ടം നിലനിൽക്കെ സർക്കാരിന്റെ പ്രചാരണസന്ദേശങ്ങൾ അയയ്ക്കുന്നതിനെതിരെ തൃണമൂൽ എംപി സാകേത് ഗോഖലെ ഉൾപ്പെടെയുള്ളവർ പരാതി നൽകിയിരുന്നു. കോൺഗ്രസും വിമർശനം ഉന്നയിച്ചിരുന്നു.