പൊന്മുടിയെ മന്ത്രിയാക്കുന്നതു തടഞ്ഞു; തമിഴ്നാട് ഗവർണർക്ക് സുപ്രീംകോടതി താക്കീത്
Mail This Article
ന്യൂഡൽഹി ∙ തങ്ങളുടെ ഉത്തരവിനെ ധിക്കരിക്കുന്ന നിലപാടാണു സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട് ഗവർണർ ആർ.എൻ.രവിക്കു സുപ്രീം കോടതിയുടെ താക്കീത്. ക്രിമിനൽക്കേസിൽ കുറ്റക്കാരനാണെന്ന വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടും ഡിഎംകെയുടെ മുതിർന്ന നേതാവായ കെ.പൊന്മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കാത്ത വിഷയത്തിലാണു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പൊട്ടിത്തെറിച്ചത്.
തമിഴ്നാട് ഗവർണറുടെ നടപടിയിൽ കടുത്ത ആശങ്കയുണ്ടെന്നും കോടതി പറഞ്ഞു. ഹർജി ഇന്നു വീണ്ടും പരിഗണിക്കുമെന്നു വ്യക്തമാക്കിയ കോടതി, തീരുമാനമെടുത്തില്ലെങ്കിൽ ഉത്തരവു പുറപ്പെടുവിക്കാൻ മടിക്കില്ലെന്നും മുന്നറിയിപ്പു നൽകി.
‘നിങ്ങളുടെ ഗവർണർ എന്താണ് ചെയ്യുന്നത്. സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് വിധി സ്റ്റേ ചെയ്തിരിക്കുന്നു. അപ്പോഴും ഇല്ലാതാകുന്നില്ലെന്നു ഗവർണർ എങ്ങനെയാണ് പറയുക. ഒന്നുകിൽ അദ്ദേഹത്തിനു തെറ്റായ നിയമോപദേശമാണ് കിട്ടുന്നത്.
കുറ്റക്കാരനെന്ന വിധി സുപ്രീം കോടതി സ്റ്റേ ചെയ്ത ശേഷവും അദ്ദേഹത്തെ മന്ത്രിയാക്കുന്നത് ഭരണഘടനാ മര്യാദയുടെ ലംഘനമാണെന്ന് എങ്ങനെയാണ് പറയാൻ കഴിയുക. കോടതി വിഷയം ഗൗരവത്തിലാണ് എടുക്കുന്നതെന്ന് ഗവർണറെ അറിയിക്കൂ’– ഗവർണർക്കു വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണിയോട് ചീഫ് ജസ്റ്റിസ് പറഞ്ഞു.