മൂന്നര മണിക്കൂർ വാദം, രാത്രി വിധി; കേജ്‌രിവാൾ 28 വരെ ഇ.ഡി കസ്റ്റഡിയിൽ; ഡൽഹി മുഖ്യമന്ത്രി മദ്യനയ അഴിമതിയുടെ സൂത്രധാരനെന്ന് ഇ.ഡി
Mail This Article
ന്യൂഡൽഹി ∙ മദ്യനയ അഴിമതിക്കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ഡൽഹി റൗസ് അവന്യൂവിലെ പ്രത്യേക കോടതി 28 വരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടു. 10 ദിവസത്തെ കസ്റ്റഡി റിമാൻഡ് ആവശ്യപ്പെട്ടുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അപേക്ഷയിൽ മൂന്നര മണിക്കൂറോളം വാദം കേട്ട പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജ രാത്രി എട്ടരയോടെയാണു കസ്റ്റഡി അനുവദിച്ചു വിധി പറഞ്ഞത്.
കേജ്‌രിവാളിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ അഭിഷേക് സിങ്‌വി, വിക്രം ചൗധരി, രമേശ് ഗുപ്ത എന്നിവരുടെ വിശദമായ വാദങ്ങൾക്കു ഡൽഹി മുഖ്യമന്ത്രിയെ റിമാൻഡിൽനിന്നു സംരക്ഷിക്കാനായില്ല. മദ്യനയ അഴിമതിക്കേസിലെ മുഖ്യസൂത്രധാരൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളാണെന്നു ഇ.ഡി. കോടതിയിൽ വാദിച്ചു.
∙ ഇ.ഡിക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിന്റെ വാദം: ‘അനുകൂല നയരൂപീകരണത്തിനു പ്രതിഫലമായി കേജ്‌രിവാൾ സൗത്ത് ഗ്രൂപ്പ് എന്നറിയപ്പെടുന്ന വ്യവസായ സംഘത്തിൽനിന്നു കൈക്കൂലി ആവശ്യപ്പെട്ടു. മദ്യനയ രൂപീകരണത്തിൽ കേജ്‌രിവാൾ നേരിട്ടു പങ്കാളിയായിരുന്നു. കോഴപ്പണം കൈകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു. ഈ പണം ആം ആദ്മി പാർട്ടി (എഎപി) ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചു.
100 കോടി രൂപയുടെ ഇടപാടു നടന്നു, 600 കോടി രൂപയിലേറെ നേട്ടം മദ്യലൈസൻസ് സ്വന്തമാക്കിയ കമ്പനികൾക്കു ലഭിച്ചു. കഴിഞ്ഞ ദിവസം കേജ്‌രിവാളിന്റെ വസതിയിൽ നടന്ന ചോദ്യം ചെയ്യലിലും കൃത്യമായ വിവരങ്ങൾ അദ്ദേഹം നൽകിയില്ല. പണത്തിന്റെ ഉപയോഗം വ്യക്തമാകേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ റിമാൻഡ് അനുവദിക്കണം. ’
∙ കേജ്‌രിവാളിന്റെ അഭിഭാഷകർ: ‘കേസിൽ ഒരു ഘട്ടത്തിലും കേജ്‌രിവാളിനെ പ്രതിയായി പരിഗണിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഇ.ഡിയുടെ മറുപടിയിലുൾപ്പെടെ ഇതു വ്യക്തമാണ്.’
ഡൽഹിയിൽ വൻ പ്രതിഷേധങ്ങൾക്കിടെയാണു ഇന്നലെ റൗസ് അവന്യൂ കോടതിയിൽ ഉച്ചയ്ക്കു രണ്ടിനു അരവിന്ദ് കേജ്‌രിവാളിനെ ഹാജരാക്കിയത്. വിചാരണയ്ക്കിടെ രക്തസമ്മർദം കുറഞ്ഞതോടെ കേജ്‌രിവാളിനെ കോടതിയിലെ വിശ്രമമുറിയിലേക്കു മാറ്റിയിരുന്നു. വാദത്തിനു ശേഷം അഭിഭാഷകരുമായി ആശയവിനിമയം നടത്താനും കോടതി അദ്ദേഹത്തെ അനുവദിച്ചു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും എഎപി അംഗമായ ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്നു അരവിന്ദ് കേജ്‌രിവാൾ കോടതിയിൽനിന്നു പുറത്തേക്കു വരുമ്പോൾ പ്രതികരിച്ചു.
∙ ‘മൂന്നുതവണ നിങ്ങൾ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയെ, അധികാരത്തിന്റെ അഹങ്കാരത്തിലാണു മോദിജി അറസ്റ്റ് ചെയ്തത്. മോദി എല്ലാവരെയും തകർക്കാൻ ശ്രമിക്കുകയാണ്. ഇത് ഡൽഹിയിലെ ജനങ്ങളോടുള്ള വഞ്ചനയാണ്. നിങ്ങളുടെ മുഖ്യമന്ത്രി എപ്പോഴും നിങ്ങൾക്കൊപ്പം നിന്നിട്ടുണ്ട്. അകത്തായാലും പുറത്തായാലും അദ്ദേഹത്തിന്റെ ജീവിതം രാജ്യത്തിനുവേണ്ടി സമർപ്പിക്കപ്പെട്ടതാണ്. പൊതുസമൂഹത്തിന് എല്ലാം അറിയാം, ജയ്ഹിന്ദ്.’ – സുനിത കേജ്‌രിവാൾ (അരവിന്ദ് കേജ്‌രിവാളിന്റെ ഭാര്യ)