ADVERTISEMENT

ന്യൂഡൽഹി ∙ കളം മാറി ബിജെപിയിലെത്തിയതുവഴി കേന്ദ്ര അന്വേഷണ ഏജൻസികളിൽനിന്നു ‘രക്ഷപ്പെട്ടു നിൽക്കുന്ന’ ഒട്ടേറെ നേതാക്കളുണ്ട്. 

കേസുകളും പ്രതിപക്ഷത്തിനെതിരെ

മോദി സർക്കാരിന്റെ കാലത്ത് ഇ.ഡി ചുമത്തിയ കേസുകളി‍ൽ 95% ബിജെപി ഇതര നേതാക്കൾക്കെതിരെയെന്ന് പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. 2022 വരെ 121 റെയ്ഡുകളിൽ 115 എണ്ണവും പ്രതിപക്ഷത്തിനെതിരെ. മൻമോഹൻ സർക്കാരിന്റെ കാലത്ത് 26 നേതാക്കൾക്കെതിരെയാണ് ഇ.ഡി കേസുണ്ടായിരുന്നത്. 

∙ഹിമന്ത ബിശ്വ ശർമ കോൺഗ്രസിലായിരിക്കെ ശാരദ ചിട്ടി ഫണ്ട് കുംഭകോണക്കേസിൽ സിബിഐ 8 മണിക്കൂർ ചോദ്യം ചെയ്തു; ഗുവാഹത്തിയിലെ ജലവിതരണ പദ്ധതിയിലും ആരോപണം നേരിട്ടു. ബിജെപി തന്നെ നടപടി ആവശ്യപ്പെട്ടിരുന്നു. ബിജെപിയിൽ എത്തിയതോടെ ഭീഷണി അവസാനിച്ചു. 

∙സുവേന്ദു അധികാരി തൃണമൂലിന്റെ തീപ്പൊരി നേതാവായിരിക്കെ നാരദ ഒളിക്യാമറക്കേസിൽ തുടർച്ചയായി നോട്ടിസുകൾ. 2020 ൽ ബിജെപിയിലെത്തിയതോടെ അന്വേഷണം തണുത്തു. ഇപ്പോൾ ബംഗാളിലെ പ്രതിപക്ഷനേതാവാണ്.

∙ അശോക് ചവാൻ ആദർശ് ഭവനപദ്ധതി കുംഭകോണത്തിൽ ആരോപണവിധേയനായി മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനം രാജിവച്ച നേതാവ്. യുപിഎ കാലത്ത് ആരംഭിച്ച സിബിഐ അന്വേഷണം ഒന്നരപതിറ്റാണ്ടായി തുടരുന്നു. ഇ.ഡിയും പ്രതിചേർത്തു. ഈയിടെ ബിജെപിയിൽ.

∙ ദിഗംബർ കാമത്ത് ഗോവയിൽ കോൺഗ്രസിന്റെ ശക്തി ക്ഷയിപ്പിച്ച കൂറുമാറ്റ നാടകങ്ങളിലെ പ്രധാനി. മുൻ മുഖ്യമന്ത്രി. ലൂയിസ് ബർജർ ജലവിതരണ പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ച് സിബിഐ കേസുണ്ട്. 2022 ലെ കൂറുമാറ്റത്തോടെ എല്ലാം നിശ്ചലം.

∙ അജിത് പവാർ സഹകരണ ബാങ്ക് കേസിൽ അജിത്തും ഭാര്യയും ഇ.ഡി നടപടി ഭയന്നിരുന്നു. എൻസിപിയെ പിളർത്തി ബിജെപിക്കൊപ്പം സഖ്യമുണ്ടാക്കി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി. കുറ്റപത്രത്തിൽനിന്ന് ഒഴിവാകുകയും ചെയ്തു.

∙ ഛഗൻ ഭുജ്ബൽ മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി. ഡൽഹിയിലെ മഹാരാഷ്ട്രസദൻ നിർമാണ ക്രമക്കേടു കേസിൽ ഇ.ഡി സ്വത്തുകണ്ടുകെട്ടി. അറസ്റ്റിലുമായെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു. ബിജെപി സഖ്യത്തിലെത്തിയശേഷം പ്രശ്നമില്ല.

∙ നാരായൺ റാണെ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി. ശിവസേന വിട്ട് കോൺഗ്രസിലെത്തിയിരുന്ന റാണെയ്ക്കെതിരെയും കള്ളപ്പണക്കേസുണ്ടായിരുന്നു. 2019 ൽ ബിജെപിയിൽ ചേർന്നശേഷം അന്വേഷണം തണുത്തു.

∙ പ്രഫുൽ പട്ടേൽ അജിത് പവാറിനൊപ്പം ബിജെപി സഖ്യത്തിലെത്തിയ മുതിർന്ന എൻസിപി നേതാവ്. കള്ളപ്പണക്കേസിൽ സ്വത്തു കണ്ടുകെട്ടിയിരുന്നു. കൂടുമാറ്റത്തോടെ കേസിൽ അനക്കമില്ല

∙ ഭാവന ഗാവ്‍ലി ശിവസേന ഷിൻഡെ വിഭാഗത്തിന്റെ ലോക്സഭാ വിപ്പ്. കള്ളപ്പണക്കേസിൽ പ്രതിയായിരുന്നെങ്കിലും ബിജെപി സഖ്യത്തിലെത്തിയതോടെ അന്വേഷണം നിന്നു. ശിവസേനാ ഷിൻഡെ വിഭാഗത്തിലെ മറ്റു പല നേതാക്കളുടെ കാര്യവും ഇങ്ങനെ തന്നെ.

∙ അമരീന്ദർ സിങ് മകനും മരുമകനും വരെ ഇ.ഡി കേസുകളുടെ ഭീഷണിയിലായിരുന്നു. 2022 ലെ നിയമസഭ തിരഞ്ഞെടുപ്പിനു ശേഷം ബിജെപിയുമായി സഹകരിച്ചു തുടങ്ങിയതോടെ ഇ.ഡി നിർജീവം

∙ പേമ ഖണ്ഡു കോൺഗ്രസിലായിരിക്കെ ഉയർന്ന അഴിമതിക്കേസും ഗൂഢാലോചനക്കേസും 2016 ൽ ബിജെപിയിലെത്തി അരുണാചൽപ്രദേശ് മുഖ്യമന്ത്രിയായതോടെ നിലച്ചു.

English Summary:

Many leaders escaped from central investigation agencies by joining BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com