അനുഭാവമില്ലാതെ ബെഞ്ച്, അതൃപ്തിയറിയിച്ച് സിബൽ; കവിതയുടെ ജാമ്യ ഹർജിയിൽ ഇടക്കാല ഉത്തരവില്ല
Mail This Article
ന്യൂഡൽഹി ∙ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നത് കോടതിക്കു മുന്നിൽ അവതരിപ്പിക്കാൻ ശ്രമിച്ചതിനോട് അനുകൂലമായി പ്രതികരിക്കാതിരുന്ന സുപ്രീം കോടതി ബെഞ്ചിനു മുന്നിൽ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി. കോടതിയുടെ ചരിത്രത്തിൽ ഈ കാലം സുവർണലിപികളിൽ എഴുതപ്പെടില്ലെന്ന് സിബൽ തുറന്നടിച്ചു. ശരി, നോക്കാമെന്നായിരുന്നു ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ പ്രതികരണം. ഡൽഹി മദ്യനയക്കേസിലെ പ്രതിയും ബിആർഎസ് നേതാവുമായ കെ.കവിതയ്ക്ക് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സിബൽ വാദമുന്നയിച്ചത്.
കവിതയ്ക്കു വേണ്ടി സമർപ്പിച്ച റിട്ട് ഹർജിയിൽ ഇടക്കാല ഉത്തരവു പുറപ്പെടുവിക്കാൻ ബെഞ്ച് തുടക്കത്തിലെ വൈമനസ്യം അറിയിച്ചു. വിചാരണക്കോടതിയെ സമീപിക്കാനും നിർദേശിച്ചു. രാജ്യത്തു നടക്കുന്ന സംഭവവികാസങ്ങളിൽ ആശങ്ക അറിയിച്ചായിരുന്നു സിബൽ വാദം തുടങ്ങിയത്. എന്നാൽ, മൗലികാവകാശം ലംഘിക്കപ്പെടുന്ന ഘട്ടത്തിൽ സുപ്രീം കോടതിയെ നേരിട്ടു സമീപിക്കാൻ അനുവദിക്കുന്ന 32–ാം വകുപ്പ് പ്രകാരം ജാമ്യാപേക്ഷ നൽകിയാൽ എന്തു ചെയ്യുമെന്ന് കോടതി ചോദിച്ചു. ചിട്ടവട്ടങ്ങൾ മറികടക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി. വാദിക്കാൻ അനുവദിക്കണമെന്നും കോടതിയുടെ മനോഭാവം മാറ്റാൻ കഴിയുമെന്നും സിബൽ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിൽ കവിത കുറ്റാരോപിതയല്ലെന്നാണ് ഇ.ഡി പറഞ്ഞതെന്നും ഏതാനും മൊഴികളുടെ അടിസ്ഥാനത്തിൽ മാത്രമാണ് കേസെന്നും അദ്ദേഹം വാദിച്ചു.
ജാമ്യാപേക്ഷ പരിഗണിക്കാതെ സമാന സാഹചര്യത്തിൽ ഹൈക്കോടതിയിലേക്കു വിട്ട ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ കാര്യത്തിൽ എന്താണു സംഭവിച്ചതെന്ന് സിബൽ ചോദിച്ചു. എന്നാൽ, ജാമ്യം അനുവദിക്കുന്നതിന് ഇടക്കാല ഉത്തരവു പുറപ്പെടുവിക്കാൻ കഴിയില്ലെന്ന നിലപാടിൽ നിന്നു കോടതി മാറിയില്ല. തുടർന്ന് ഹർജിയിൽ നോട്ടിസ് അയച്ചു. കവിതയെ ഇന്നു വരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.