പനീർസെൽവം സ്വതന്ത്രൻ; രാമനാഥപുരം ഒഴിച്ചിട്ട് ബിജെപി
Mail This Article
ചെന്നൈ ∙ മുൻ മുഖ്യമന്ത്രി ഒ.പനീർസെൽവം സ്വതന്ത്രനായി മത്സരിക്കുമെന്നു പ്രഖ്യാപിച്ച രാമനാഥപുരം സീറ്റിൽ തീരുമാനമെടുക്കാതെ തമിഴ്നാട്ടിൽ ബിജെപി സ്ഥാനാർഥിനിർണയം പൂർത്തിയാക്കി. എൻഡിഎ സഖ്യത്തിലാണെങ്കിലും രാമനാഥപുരത്ത് ബിജെപി മത്സരിച്ചാൽ എതിരിടുമെന്ന വാശിയിലാണു പനീർസെൽവം. 3 സീറ്റ് ചോദിച്ചിട്ട് ഒന്നുപോലും കിട്ടാത്തതാണു കാരണം. ബിജെപി ചിഹ്നത്തിൽ മത്സരിക്കില്ലെന്നും വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുമെന്നു തമിഴ്നാട്ടിലെ ബിജെപി നേതാക്കൾ അഭ്യൂഹം ഉയർത്തിവിട്ട മണ്ഡലമാണ് രാമനാഥപുരം.
മുസ്‌ലിം ലീഗിന്റെ സിറ്റിങ് എംപി നവാസ് ഗനിയാണ് ഇക്കുറിയും ഡിഎംകെ സഖ്യത്തിലെ സ്ഥാനാർഥി. ബി.ഇളയപെരുമാളാണ് അണ്ണാ ഡിഎംകെ സ്ഥാനാർഥി.തമിഴ്നാട്ടിലെ 39 സീറ്റിൽ ഇരുപതിലാണ് ബിജെപി മത്സരിക്കുന്നത്. 19 സീറ്റിലും പ്രഖ്യാപനമായി. നാലിടത്ത് ബിജെപി ചിഹ്നത്തിൽ മത്സരിക്കുന്ന സഖ്യകക്ഷി സ്ഥാനാർഥികളുടെ പേരും പ്രഖ്യാപിച്ചു. വിരുദുനഗറിൽ നടി രാധിക ശരത്കുമാർ ഉൾപ്പെടെ പട്ടികയിൽ 3 വനിതകൾ. അന്തരിച്ച നടൻ വിജയകാന്തിന്റെ മകൻ വിജയപ്രഭാകരനാണ് (ഡിഎംഡികെ) അണ്ണാഡിഎംകെ സഖ്യത്തിൽ രാധികയ്ക്കെതിരെ മത്സരിക്കുന്നത്. കോൺഗ്രസ് സ്ഥാനാർഥി സിറ്റിങ് എംപി ബി.മാണിക്കം ടഗോർ തന്നെയാവാനാണു സാധ്യത. എൻഡിഎ സഖ്യത്തിലുള്ള പിഎംകെയുടെ പട്ടികയിൽ അവസാനനിമിഷം പാർട്ടി അധ്യക്ഷൻ അൻപുമണി രാംദാസിന്റെ ഭാര്യ സൗമ്യ ധർമപുരിയിൽ സ്ഥാനാർഥിയായി.