ഹസാരെയ്ക്ക് ബോണ്ട് വേണ്ട, മദ്യനയം മതി
Mail This Article
മുംബൈ ∙ ‘അഴിമതിക്കെതിരെയുള്ള ജൻ ലോക്പാൽ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നയാൾ ഇപ്പോഴിതാ അഴിമതിക്കേസിൽ അറസ്റ്റിൽ. എന്തൊരു വൈരുധ്യം’– ഒരിക്കൽ തന്റെ ശിഷ്യനായിരുന്ന അരവിന്ദ് കേജ്‌രിവാളിനെക്കുറിച്ച് സാമൂഹികപ്രവർത്തകൻ അണ്ണാ ഹസാരെയുടെ (86) പരിഹാസം.
കേജ്‌രിവാൾ അറസ്റ്റിലായത് സ്വന്തം ചെയ്തികൾ മൂലമാണെന്ന കഴിഞ്ഞദിവസത്തെ വിഡിയോസന്ദേശത്തിനു പിന്നാലെയാണ് ഹസാരെ ഇന്നലെ പുതിയ പ്രസ്താവനയിറക്കിയത്. ഒരാൾ പറഞ്ഞുകൊടുക്കുന്നത് ഹസാരെ ഏറ്റുപറഞ്ഞുള്ളതാണ് വിഡിയോയെന്നു വിമർശനം ഉയർന്നിരുന്നു. ഇലക്ടറൽ ബോണ്ട് വിവാദം കഴിഞ്ഞദിവസങ്ങളിൽ കത്തിനിന്നിട്ടും മിണ്ടാതിരുന്ന അഴിമതിവിരുദ്ധ പോരാളി, കേജ്‌രിവാളിന്റെ അറസ്റ്റോടെ തുടർച്ചയായി രണ്ടു ദിവസം പ്രതികരിച്ചതും ശ്രദ്ധേയം.
ഡൽഹി മദ്യനയത്തിന് എതിരെ 2022 ഓഗസ്റ്റിൽ താൻ കേജ്‌രിവാളിന് എഴുതിയ കത്തിനെക്കുറിച്ചും ഓർമിപ്പിച്ചു. 2011 ൽ ജൻലോക്പാൽ എന്ന ആവശ്യം ഉന്നയിച്ച് അണ്ണാ ഹസാരെ തുടക്കമിട്ട സമരം ബഹുജന പ്രസ്ഥാനമായി മാറിയ വേളയിലാണ് ഒപ്പമുണ്ടായിരുന്ന കേജ്‌രിവാൾ മുഖ്യധാരയിൽ ശ്രദ്ധിക്കപ്പെട്ടത്. എന്നാൽ, കേജ്‌രിവാൾ ആം ആദ്മി പാർട്ടി രൂപീകരിച്ചപ്പോൾ ഹസാരെ വിട്ടുനിന്നു.
∙ ആംആദ്മി പാർട്ടി പരാജയപ്പെട്ടിരിക്കുന്നു. രാഷ്ട്രീയ താൽപര്യങ്ങൾ അഴിമതിവിരുദ്ധ പോരാട്ടത്തെ തകർത്തിരിക്കുന്നു. കേജ്‌രിവാൾ ജനങ്ങളുടെ വിശ്വാസത്തെ വഞ്ചിച്ചു.-അണ്ണാ ഹസാരെ